കനോലി കനാല്‍ : മാലിന്യം തള്ളുന്ന വഴികള്‍ തേടി നാളെ ആരോഗ്യ വകുപ്പിന്റെ വഞ്ചിയാത്ര
ചാവക്കാട്: കനോലികനാലില്‍ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാന്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കനോലികനാലിലൂടെ വഞ്ചിയില്‍ യാത്ര നടത്തുമെന്ന് ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. മാലിന്യം തള്ളല്‍ രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത പാരിസ്ഥിതിക ബുദ്ധിമുട്ട് നേരിടുന്ന കനോലികനാലിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് യാത്ര നടത്തുന്നത്. ആറ് മാസം തടവും 10000 രൂപ വരെ പിഴയും ചുമത്തുന്ന വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുകയെന്ന് ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. രാവിലെ എട്ടിന് ചെറിയപാലത്തിന് സമീപത്ത് നിന്ന് സംഘം വഞ്ചിയില്‍ യാത്ര തുടങ്ങും. മാലിന്യം തള്ളുന്നവര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. വിവിധ വകുപ്പുകളേയും സന്നദ്ധപ്രവര്‍ത്തകരേയും ഏകോപിപ്പിച്ച് മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ തടയുന്നതിനായി ശുചിത്വ പ്രവര്‍ത്തനങ്ങളും കര്‍മ്മപരിപാടിയും ആസൂത്രണം ചെയ്യാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതി രൂപീകരണം, ബോധവല്‍ക്കരണ പരിപാടികള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍, തണ്ണീര്‍ പന്തല്‍, ഡ്രൈ സന്ദേശം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രാവര്‍ത്തികമാക്കുക. മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം 27ന് രാവിലെ 11ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനായി അപേക്ഷഫോറം, ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ ടാഗ് എന്നിവ തയ്യാറാക്കും. നാടന്‍ നായ്ക്കള്‍ക്ക് 100 രൂപയും മേല്‍ത്തരം നായ്ക്കള്‍ക്ക് 300 രൂപയും ഈടാക്കും.
Comments are closed.