mehandi new

പഞ്ചായത്തുകളെ വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കാൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്

fairy tale

ചാവക്കാട് : ജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികൾ രൂപകൽപ്പന ചെയ്യുകയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന് കീഴിലെ ഓരോ പഞ്ചായത്തുകളെയും വികലാംഗ സൗഹൃദ പഞ്ചായത്തുകളാക്കി മാറ്റുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഇതിനായി ഭിന്നശേഷിക്കാർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം, മാനസിക-ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകൾ, വയോജന പകൽ പരിപാലന കേന്ദ്രം എന്നിങ്ങനെ വികലാംഗ സൗഹൃദ പദ്ധതികൾ നടപ്പാക്കുക എന്നതാണ്
ഉദ്ദേശം. നിലവിൽ നൽകിവരുന്ന ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ, അങ്കണവാടികളിൽ അനുപൂരക പോഷകാഹാരം വിതരണം, ആശ്രയ പദ്ധതി എന്നിവയും തുടരും.

ഇത് കൂടാതെ അടിസ്ഥാനസൗകര്യ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകിയുള്ള പദ്ധതികൾ നടപ്പിലാക്കും. തീരമേഖലയായതിനാൽ മത്സ്യത്തൊഴിലാളികളും നെല്ല്, തെങ്ങ് കർഷകരും അധികമുൾപ്പെടുന്ന പ്രദേശമാണ് ചാവക്കാട്. തൊഴിലുറപ്പ്, സാമ്പത്തികഭദ്രത എന്നിവ വർദ്ധിപ്പിക്കുന്നതിന് ഈ മൂന്നു മേഖലയിലെയും ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന രീതിയിൽ പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. പരിമിതമായ വിഭവങ്ങൾ അർഹരായ ജനങ്ങൾക്ക് പരമാവധി സുതാര്യതമാക്കി നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികൾക്ക്
ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി കടലിൽനിന്നും കായലിൽ നിന്നും പരമാവധി മത്സ്യസമ്പത്ത് സ്വരൂപിക്കുന്നതിന് സഹായകമായ പദ്ധതികൾ, ഉൾനാടൻ മത്സ്യ കൃഷി കൂടുതൽ കാര്യക്ഷമതയോടെ നടപ്പിലാക്കി മത്സ്യ ഇനങ്ങൾ ശാസ്ത്രീയമായി വളർത്തിയുള്ള വിപണനം എന്നിവയ്ക്കും വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കും. ഉത്പാദനരംഗം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടാടം പാടം വികസിപ്പിക്കാൻ ആവശ്യമായ ഹ്രസ്വ ദീർഘകാല പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ ബ്ലോക്കിന് കീഴിലെ വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, ഒരുമനയൂർ, കടപ്പുറം എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായ ഭവനം, സാനിറ്ററി കിണർ, വൈദ്യുതീകരണം എന്നിവ ലഭ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു.

2011ലെ കണക്കുപ്രകാരം 15906 പട്ടികജാതിക്കാരാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ഇവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വലിയതോതിലുള്ള ഇടപെടലുകൾ നടത്തും. പട്ടികജാതിക്കാർക്ക് തൊഴിലുറപ്പുപദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, വനിതകൾക്ക് തൊഴിൽ പരിശീലനം, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ നൽകിവരുന്ന എല്ലാവിധ സഹായവും തുടർന്നു നൽകും. ആരോഗ്യം, കുടിവെള്ളം, മരുന്ന് വിതരണം, വനിതാ സാമൂഹ്യക്ഷേമം, ആസ്തി സംരക്ഷണം, കൃഷി, വിദ്യാഭ്യാസം തുടങ്ങി ബ്ലോക്കിലെ നിവാസികൾക്ക് വേണ്ടിയുള്ള സൗകര്യം ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, വിവിധ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പുവരുത്തുമെന്നും ചാവക്കാട്‌ ബിഡിഒ വിനീത് അറിയിച്ചു.

Claps

Comments are closed.