ചാവക്കാട് ചാട്ടുകുളം റോഡ് വികസനം; 29, 31 തിയതികളിൽ ഭൂവുടമകളുടെ യോഗം – പൊന്നും വില നൽകും വ്യാപാരികളുടെ ആശങ്കകൾക്ക് പരിഹാരം കാണും എം എൽ എ
ചാവക്കാട് : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചാവക്കാട് മുതൽ ചാട്ടുകുളം വരെയുള്ള റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഭൂ ഉടമകളുടെ യോഗം വിളിച്ചു കൂട്ടുന്നു. ജനുവരി 29 ന് ഗുരുവായൂർ വെച്ചും ജനുവരി 31 ന് ചാവക്കാട് വെച്ചുമാണ് എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു കൂട്ടുന്നത്. സെപ്റ്റംബർ മാസത്തിൽ സമർപ്പിച്ച സർവേ പ്രപ്പോസലിനു അംഗീകാരം ലഭിച്ചതിനെ തുടർന്ന് അടുത്ത നടപടിയായ സർവ്വേ കുറ്റികൾ സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യോഗം വിളിച്ചു ചേർക്കുന്നത്.
നിലവിൽ 10 മുതൽ – 13 മീറ്റർ മാത്രം വീതിയുള്ള റോഡ് 22 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡിന്റെ സെന്ററിൽ നിന്നും ഇരുവശത്തേക്കും 11 മീറ്റർ വികസിപ്പിക്കും. തൃശൂർ പടിഞ്ഞാറെ കോട്ട – അയ്യന്തോൾ മോഡലിൽ നടുവിൽ ഡിവൈഡറോട് കൂടിയായിരിക്കും നിർമ്മാണം. 10 ലക്ഷം രൂപ ചിലവിലാണ് സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഭൂമി അളന്നു സർവ്വേ കുറ്റികൾ സ്ഥാപിക്കുമ്പോൾ മാത്രമേ റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടങ്ങളുടെയും കൃത്യമായ സ്കെച്ച് തയ്യാറാവുകയുള്ളൂ.
പൊന്നും വില നൽകിയാണ് ഭൂമി ഏറ്റുടുക്കുക എന്ന് എൻ കെ അക്ബർ എം എൽ എ ചാവക്കാട്ഓൺലൈൻ ലേഖകനോട് പറഞ്ഞു. സർവ്വേ കുറ്റികൾ സ്ഥാപിച്ചതിനു ശേഷം ഭൂ ഉടമകൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കുമെന്നും വേണ്ടയിടങ്ങയിൽ നിലവിലെ അലയിന്മെന്റിൽ ചെറിയ മാറ്റങ്ങൾ സാധ്യമാക്കുമെന്നും എം എൽ എ അറിയിച്ചു.
പൊളിച്ചു മാറ്റേണ്ടിവരുന്ന കെട്ടിടങ്ങളിലെ കച്ചവടക്കാരുടെ ആശങ്കകൾക്ക് എം എൽ എ എന്നനിലയിൽ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി ന്യായമായ നിലയിൽ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർക്കുന്ന യോഗത്തിലേക്ക് വ്യാപാരികളെ വിളിച്ചില്ലെന്നും, കെട്ടിടഉടമകൾക്ക് വലിയ തുക നഷ്ടപരിഹാരം നല്കുകയും എന്നാൽ കെട്ടിടത്തിലെ കച്ചവടക്കാർക്ക് യാതൊരുവിധ പരിഗണനയും നൽകുന്നില്ലെന്ന ആശങ്ക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു എം എൽ എ യുടെ മറുപടി.
സംസ്ഥാന സർക്കാറിന്റെ അടുത്ത ബജറ്റിൽ തുക ഉൾപ്പെടുത്തിയതിന് ശേഷമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുക.
Comments are closed.