രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചാവക്കാട്ടുകാരന്റെ ‘വേറെ ഒരു കേസ്’; മത്സരവിഭാഗത്തിലെ ഏക മലയാള ചിത്രം

ചാവക്കാട്: ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘വേറെ ഒരു കേസ്’ രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (ആർഐഎഫ്എഫ്) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ മേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമ എന്ന നേട്ടവും ഈ ചിത്രം കരസ്ഥമാക്കി. ഗുരുവായൂർ സ്വദേശി ഫുവാദ് പനങ്ങായ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ടൂറിസ്റ്റ് ഹോം’ പോലെയുള്ള ശ്രദ്ധേയമായ പരീക്ഷണ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ ഈ പുതിയ ചിത്രവും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ നീതി നിഷേധങ്ങൾക്കെതിരെ ശക്തമായി വിരൽ ചൂണ്ടുന്നു.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ് ആണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്.വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ അലൻസിയർ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രജീഷ് രാമൻ ഛായാഗ്രഹണവും അമൽ ജി. സത്യൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എസ്. മുരുകൻ പ്രൊഡക്ഷൻ കൺട്രോളറായും ബിജിത്ത് വിജയൻ പി.ആർ.ഒ ആയും പ്രവർത്തിക്കുന്നു. രാജസ്ഥാൻ മേളയ്ക്ക് പിന്നാലെ കൂടുതൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രം.

Comments are closed.