അറസ്റ്റിലായ ബെന്നി

അറസ്റ്റിലായ ബെന്നി

ചാവക്കാട്: തവണകളായി പണമടച്ച് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാന്തവാടി പേരിയ മുക്കത്ത് ബെന്നി(36)യെ ആണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
സെപ്റ്റംബര്‍ 17നാണ് ബ്ലാങ്ങാട് സ്വദേശിയായ യുവതിയുടെ വീട്ടില്‍ വന്ന് ഇന്‍സ്റ്റാള്‍മെന്റിലൂടെ അലമാര നല്‍കാമെന്നു പറഞ്ഞ് യുവതിയില്‍ നിന്നും ഇയാള്‍ 1500 രൂപ വാങ്ങിയത്. വൈകീട്ട് അലമാര എത്തിക്കാം എന്നായിരുന്നു കരാര്‍. വൈകീട്ട് അലമാര കൊണ്ട് വരാതിരുന്നതിനെ തുടര്‍ന്നു യുവതി ഇയാളുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അടുത്ത ദിവസം എത്തിക്കാമെന്നു പറഞ്ഞു. ഇത്തരത്തില്‍ പല തവണ അടുത്ത ദിവസം അലമാര എത്തിക്കാമെന്നു പറയുന്നത് ഇയാള്‍ തുടര്‍ന്നു. എന്നാല്‍ പിന്നീട് ഇയാളുടെ സംസാരരീതി മാറുകയും യുവതിയോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഫോണെടുക്കാതായപ്പോള്‍ യുവതിയുടെ മാതാവിന്റെയും സഹോദരന്റെയും നമ്പറില്‍ നിന്ന് വിളി തുടങ്ങി. അവരോടും സഭ്യമല്ലാത്ത വിധത്തില്‍ സംസാരിച്ച പ്രതി യുവതിയുടെ സഹോദരന്റെ നമ്പറിലേക്ക് നഗ്ന ചിത്രങ്ങള്‍ അയക്കുകയും ചെയ്തു.
സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് ഇയാള്‍ സാധാരണ തട്ടിപ്പിനെത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. കോട്ടയം കൊല്ലം ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ജൂനിയര്‍ എസ്.ഐ. മുഹമ്മദ് റഫീഖ്, അഡീഷണല്‍ എസ്.ഐ. വി.ഐ.അഷ്‌റഫ്, സി.പി.ഒ.സനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു