ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ – നൃത്തം അഭ്യസിപ്പിച്ചത് അട്ടപ്പാടിയിൽനിന്നുള്ള കലാകാരന്മാർ
കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇഥംപ്രദമായ ഇരുള നൃത്തത്തിൽ ചുവടുപിഴക്കാതെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ. ഗോത്ര കലകളുടെ സംഗമ സ്ഥാനമായിമാറിയ കുന്നംകുളം ടൗൺഹാളിലെ ആനന്ദഭൈരവി ( ഒന്നാം) വേദിയിലാണ് ഇരുള നൃത്തം അരങ്ങേറിയത്. ഹൈസ്കൂൾ തലത്തിൽ ചാലക്കുടി ഉപജില്ലയിലെ ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 7 പെൺകുട്ടികളും 5 ആൺകുട്ടികളും അടക്കം 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. എൻ.വി. അഥർവിൻ്റെ പാട്ടിനൊപ്പം ബാക്കിയുള്ളവർ ചുവട് വച്ചു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി വനമേഖലയിലെ ഇരുള സമുദായക്കാരുടെ പാരമ്പര്യ വേഷത്തിലായിരുന്നു മത്സരാർത്ഥികൾ. ഇരുള സമുദായക്കാർ വിളവെടുപ്പ്, വിവാഹം, ജനനം, മരണം തുടങ്ങി പ്രധാന വേളകളിലെല്ലാം അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമാണ് ഇരുള നൃത്തം. തുകൽ, മുള എന്നിവ കൊണ്ട് നിർമ്മിച്ച വാദ്യങ്ങളുടെ താളത്തിനും ഈണത്തിനുമൊത്ത നൃത്തം കലോത്സവവേദിക്ക് പുതുമയായിരുന്നു. ഇത്തവണ മുതലാണ് ഗോത്ര കലകളിൽ ഉൾപ്പെടുത്തി ഇരുള നൃത്തം മത്സര രംഗത്തെത്തിയത്.
വനമേഖലയോട് ചേർന്ന പ്രദേശത്തുള്ള വിദ്യാർത്ഥികളാണെങ്കിലും ഇരുള നൃത്തം കേട്ട് കേൾവി മാത്രമായിരുന്നു. ഇതേ തുടർന്ന് നൃത്തം അഭ്യസിക്കാൻ അട്ടപ്പാടിയിലെ ഇരുള വിഭാഗത്തെ സമീപിച്ചു. അട്ടപ്പാടി സ്വദേശികളായ ആർ. മുരുകൻ, സി. മുരുകേശൻ എന്നിവരെത്തി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുത്തു. മൂന്ന് ദിവസം സ്കൂളിൽ താമസിച്ചാണ് പരിശീലനം നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നൃത്തത്തിന് ആവശ്യമായ പെറെ, ദവിൽ, ജാൽറ, കൊഗാല് എന്നീ വാദ്യോപകരണങ്ങൾ പരിശീലകർ അട്ടപ്പാടിയിൽ നിന്ന് കൊണ്ട് വന്നു. ഇരുള ഭാഷയ്ക്ക് ലിപിയില്ലാത്തതിനാൽ വാമൊഴിയിലൂടെയാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചെടുത്തതെന്ന് പരിശീലകർ പറഞ്ഞു. ആകെ മത്സരിച്ച 10 ടീമുകളെ പിന്തള്ളിയാണ് ചെറുവാളൂർ നായർ സമാജം ഹൈസ്കൂൾ സംസ്ഥാനതലത്തിലേക്കെത്തിയത്. ഈ പരിശീലകർ തന്നെ അഭ്യസിപ്പിച്ച നാല് ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികളാണ് സംസ്ഥാനതലത്തിൽ ഇരുള നൃത്തത്തിൽ ഏറ്റുമുട്ടുക.
Comments are closed.