തീരദേശ ഹൈവെ അലൈന്മെന്റിൽ മാറ്റം വരുത്തി വീടുകൾ സംരക്ഷിക്കണം – കളക്ടർക്ക് നിവേദനം നൽകി
പുന്നയൂർ: തീരദേശ ഹൈവെയിലെ വളവ് നീക്കി, വീടുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് കളക്ടർക്ക് നിവേദനം നൽകി. അബ്ദുൽ സലീം കുന്നമ്പത്തും സന്നിഹിതനായിരുന്നു.
അകലാട് ബദർപ്പള്ളി ബീച്ചിൽ തീരദേശ ഹൈവേയുടെ അശാസ്ത്രീയമായ അലൈൻമെന്റ് മൂലം ആറു വീടുകൾ പൂർണമായോ ഭാഗികമായോ പൊളിച്ചു മാറ്റേണ്ട സ്ഥിതിയിലാണ്. വീടുകൾക്ക് മുന്നിലെ ബീച്ച് റോഡിലെ 50 മീറ്റർ മാത്രമുള്ള ഭാഗവുമായി നിർദിഷ്ട ഹൈവേ ബന്ധിപ്പിക്കാൻ ശ്രമിച്ചതാണ് അലൈൻമെന്റിൽ വലിയ വളവ് വരാൻ കാരണം. ഈ വളവ് ഒഴിവാക്കി അലൈൻമെന്റ് നേരെ ആക്കിയാൽ ആറു വീടുകൾ നഷ്ടപ്പെടാത്ത വിധത്തിൽ ഹൈവേ മുന്നോട്ടു പോകാൻ സാധിക്കും.
ഹൈവേ സ്ട്രൈറ്റ് ചെയ്യുന്നതിനും സർക്കാറിന്റെ നഷ്ടം കുറക്കുന്നതിനും ഇത് സഹായകമാകും.
ഈ വിഷയം ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ വീടുകൾക്ക് മുന്നിൽ പെഗ് മാർക്കിനെ തുടർന്നുള്ള കല്ലിടൽ നടന്നിരുന്നില്ല. എന്നാൽ പിന്നീട് പോലീസ് സന്നാഹത്തോടുകൂടി അധികൃതർ എത്തി കല്ലിടുകയാണ് ഉണ്ടായത്. പ്രസ്തുത വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് കളക്ടർക്ക് നിവേദനം നൽകിയിട്ടുള്ളത്.
.
Comments are closed.