ഗുരുവായൂര്‍: ആന ചികിത്സകരുടെ പരിശീലനത്തിനും ആന ചികിത്സക്കും ഗവേഷണത്തിനുമായി സ്ഥാപനം വരുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 10ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേച്ചേരിക്കടുത്ത് വെള്ളാറ്റഞ്ഞൂരിലാണ് ആനകളുടെ ചികിത്സാലയവും പരിശീലന – ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നത്. തൃക്കൈക്കാട്ടുമഠം മൂപ്പില്‍ സ്വാമിയാര്‍ നാകേരി മന ഗോവിന്ദ ബ്രഹ്മാനന്ദ തീര്‍ഥ സ്മാരക ഹസ്ത്യായുര്‍വേദ പഠന ഗവേഷണ കേന്ദ്രമാണ് കേന്ദ്രം ആരംഭിക്കുന്നത്. ജൂണ്‍ മുതലാണ് ചികിത്സകര്‍ക്കുള്ള കോഴ്‌സ് ആരംഭിക്കുക. തിയറി ക്ലാസുകള്‍ ഗുരുവായൂര്‍ നാകേരി മനയുടെ സ്ഥാപനത്തിലും പ്രക്ടിക്കല്‍ ക്ലാസുകള്‍ വെള്ളാറ്റഞ്ഞൂരിലും നടക്കും. ഹസ്ത്യായുര്‍വേദ ഗ്രന്ഥങ്ങളായ മാതംഗലീല, പാലകാപ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പരിശീലനം. ആയുര്‍വേദത്തില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കാണ് കോഴ്‌സില്‍ പ്രവേശനം നല്‍കുക. ഒരു ബാച്ചില്‍ 20 പേരുണ്ടാവും. ഒരു വര്‍ഷമാണ് കാലാവധി. 38 ആനകള്‍ സ്വന്തമായുണ്ടായിരുന്ന നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് ട്രസ്റ്റ് ചെയര്‍മാന്‍. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ശിഷ്യനായ ഡോ. ദേവന്‍ നമ്പൂതിരിയാണ് പ്രധാന ഡോക്ടര്‍. ഡോ. ദേവന്‍ നമ്പൂതിരി, നാകേരി വാസുദേവന്‍ നമ്പൂതിരി, ഡോ. പുന്നപ്പള്ളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സി.എം. മണികണ്ഠ വാരിയര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.