ചാവക്കാട്:  ബിജെപി ഭരണത്തില്‍ നേട്ടം ലഭിക്കുന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭരണത്തിനായി വര്‍ഗ്ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും ചൂഷണം ചെയ്യുകയുമാണ് ബിജെപി യ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയപാര്ട്ടികള്‍ വിട്ട് സിപിഐയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ഗ്ഗീയതക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്നത് കമ്മ്യുണിസ്റ്റുകളാണ്. കേരളത്തിന്റെ  നവോത്ഥാന പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രതിഞ്ജാബദ്ധരാണ്-പന്ന്യന്‍ പറഞ്ഞു. സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ സുധീരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അഡ്വ. പി മുഹമ്മദ് ബഷീര്‍, ഐ. കെ ഹൈദരാലി, പി. കെ രാജേശ്വരന്‍, എ. എം സതീന്ദ്രന്‍, സി. വി ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.