പുന്നയൂർ : മിന്നല്‍ ചുഴലിയില്‍ മേഖലയിൽ വ്യാപകനാശം. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ പാടത്ത് ഹൈ ടെന്‍ഷന്‍ വൈദ്യുത ടവര്‍ മറിഞ്ഞു വീണു. വന്‍ ദുരന്തം ഒഴിവായി. കുന്നംകുളത്ത് നിന്നു ഉപ്പുങ്ങല്‍ സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്ന ചമ്മന്നൂര്‍ ചുള്ളിക്കാന്‍ കുന്നിനു സമീപത്തെ 110 കെവി ലൈന്‍ ടവര്‍ ആണ് നിലം പൊത്തിയത്. ചൊവ്വാഴ്ച രാത്രി വീശിയ ചുഴലി കാറ്റില്‍ ഇരുമ്പ് ദണ്ഡുകള്‍ വളഞ്ഞ് നിലംപൊത്തുകയായിരുന്നു.  പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ടവറിനു പകരം മര തൂണുകള്‍ കെട്ടി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കോള്‍ പാടത്തിന്റെ മധ്യഭാഗത്ത് ആയതിനാല്‍ വഞ്ചിയില്‍ കയറിയാണ് അറ്റകുറ്റ പണിക്കായി തൊഴിലാളികള്‍ ടവറിനടുത്തേക്ക് എത്തുന്നത്. മുപ്പതോളം തൊഴിലാളികള്‍ ഇവിടെ ടവറിനു ബദല്‍ സംവിധാനം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ്. വേനല്‍കാലത്ത് പാടത്ത് വെള്ളം വറ്റിയാല്‍ മാത്രമെ ടവര്‍ പുതുക്കി പണിയാന്‍ കഴിയൂ. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്യാമപ്രസാദ്, എക്‌സക്യൂട്ടീവ് എഞ്ചിനീയര്‍ ദിനേശന്‍, മാടക്കത്തറ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ്, സിവില്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അച്യുതന്‍ കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചാവക്കാട് എടക്കഴിയൂര്‍ ആറാംകല്ലില്‍ വൈദുത കമ്പിയില്‍ മരം വീണുണ്ടായ തീപിടുത്തത്തില്‍ സമീപത്തെ പീടീക കത്തി നശിച്ചു. കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശി മുഹമ്മദിന്റെ കടയാണ് കത്തി നശിച്ചത്. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ അഗ്‌നിക്കിരയായി. 2 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി മുഹമ്മദ് പറഞ്ഞു. ഗുരുവായൂരില്‍ കൊളാടി പറമ്പ്, താമരയൂര്‍, എല്‍ എഫ് കോളജ് എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും  മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.