ഗുരുവായൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. രവികുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, എ.എം അലാവുദ്ധീന്‍, കെ.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ്. സറൂക്കിന്റെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ ആക്രമിച്ചതെന്ന രീതില്‍ ആര്‍. രവികുമാര്‍ പ്രസ്താവന നടത്തിയിരുന്നു.
തിരുവത്ര പരപ്പില്‍ താഴത്തുണ്ടായ സംഘട്ടനം എ.സി. ഹനീഫ കൊലക്കേസിലെ പ്രതികളും ഡി.വൈ.എഫ്.ഐ.ക്കാരും തമ്മില്‍ നടന്നതാണെന്നും സംഘര്‍ഷത്തില്‍ പരിക്കുപറ്റിയവര്‍ യൂത്ത് കോണ്‍ഗ്രസിന്റേയോ പാര്‍ട്ടിയുടേയോ ഒരു ഔദ്യോഗിക സ്ഥാനവും വഹിക്കുന്നവരല്ലെന്ന നിലപാടും ഇവര്‍ ആവര്‍ത്തിച്ചു.
ബ്ലോക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പ്രസ്താവന തികച്ചും പാര്‍ട്ടി വിരുദ്ധവുമാണ്. രവികുമാര്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പാര്‍ട്ടി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്സ് മുന്നോട്ട് പോകും.
കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിനും ജയിലില്‍ കഴിയുന്ന കെ.എസ്.യു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ് സറൂക്കിനും നീതി ലഭിക്കുന്നതിന് എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ അറിയിച്ചു.