ദളിത് വിദ്യാർത്ഥിനിക്ക് വായ്പ നിഷേധിച്ച നടപടി: ഗുരുവായൂരിൽ എസ്.ബി.ഐ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച്

ഗുരുവായൂർ : ഗുരുവായൂരിൽ വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്.ബി.ഐ ബാങ്ക് ശാഖയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ച് മഞ്ജുളാൽ പരിസരത്തുനിന്നാണ് ആരംഭിച്ചത്. കെ.ടി.ഡി.സി പരിസരത്തെ എസ്.ബി.ഐ ശാഖയുടെ മുൻവശത്തുവെച്ച് പോലീസ് മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് അല്പനേരം പരിഭ്രാന്തി പരത്തി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

വിദ്യാഭ്യാസ വായ്പ നിഷേധിച്ച് ഗുരുവായൂർ നിവാസിയായ ദളിത് വിദ്യാർത്ഥിനിയുടെ ഭാവി തുലാസ്സിലാക്കിയ ബാങ്ക് അധികൃതരുടെ നടപടിക്കെതിരെയായിരുന്നു സമരം. വായ്പ ലഭിക്കാത്തതിനെ തുടർന്ന് ഉസ്ബെക്കിസ്ഥാനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനിയുടെ മാതാവ് ശാന്തി കരുണനും കുടുംബാംഗങ്ങളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ സി.എസ്. സൂരജ്, നിഖിൽജി കൃഷ്ണൻ, ജില്ലാ സെക്രട്ടറി ഋഷി ലാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, നേതാക്കളായ കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്, പ്രതീഷ് ഓടാട്ട്, ഗോപി മനയത്ത്, ഹരി എം. വാര്യർ, കെ.എം. ഷിഹാബ്, വി.എസ്. നവനീത്, ബിന്ദു നാരായണൻ, പ്രിയാ രാജേന്ദ്രൻ, എം.വി. ഉണ്ണികൃഷ്ണൻ, സുഷാ ബാബു, വി.കെ. മഹിജ, സ്റ്റാൻജോ തിരുവെങ്കിടം, ആഷിക്ക്, മനീഷ് നീലമന, നിധിൻ എം.ജി., അക്ഷയ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു.



Comments are closed.