ചാവക്കാട് : തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരെ പ്രവാസിയായ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലി നടത്തുന്ന നിരാഹാര സമര പന്തലില്‍ ചാവക്കാട് വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ ദാറും സന്ദര്‍ശിച്ചു. തിരുവത്ര പുതിയറ പള്ളിക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സമര പന്തലില്‍ ബുധനാഴ്ച്ച രാവിലെ മുതലാണ് സാദലി സമരം ആരംഭിച്ചത്. നാല് ദിവസമായി നിരാഹാരം തുടരുന്ന സാദലിയെ മെഡിക്കല്‍ പരിശോദനക്ക് വിദേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു. തഹസില്‍ദാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മഹല്ലിലെ ഉത്തരവാദിത്തപ്പെട്ടവരുമായി ചര്‍ച്ചക്ക് ശ്രമിക്കാമെന്നും ഉറപ്പ് നല്‍കി.
കഴിഞ്ഞ ഒന്നര ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങൾ വെവ്വേറെയായി സംഘടിച്ച് ഭരണത്തിൻറെ പേരിൽ തര്‍ക്കം ആരംഭിച്ചിട്ട്. നിലവിൽ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്നില്ല. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്.
സാദലിയുടെ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരുവത്ര മഹല്ല് നിവാസികള്‍ ഇന്ന് രാവിലെ പത്തുമണി മുതല്‍ സമരപ്പന്തലിന് സമീപം കുത്തിയിരിപ്പ് സമരം നടത്തും.