ചാവക്കാട്: പൗരത്വഭേദഗതി നിയമത്തിലൂടെ ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കുകയും ഭരണക്കൂടത്തിൻറെ ഒത്താശയോടെ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കലാപ കലുഷിതമാവുകയും ചെയ്ത സാഹചര്യത്തിൽ കേരള മുസ്ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ചാവക്കാട് അനേകായിരങ്ങൾ പങ്കെടുക്കുന്ന ദേശരക്ഷാ സമ്മേളനം ഭരണക്കൂട ഭീകരതക്കെതിരെയുള്ള വൻ മുന്നേറ്റമായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിലെ 400 മഹല്ലുകളിൽ നിന്നുള്ള വിശ്വാസികൾ സംബന്ധിക്കുന്ന മഹളറത്തുൽ ബദരിയ്യ വാർഷിക മജ്‌ലിസ് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ശാഹിദുൽ ഉലമ ടി പി അബൂബക്കർ മുസ്ലിയാർ, താഴപ്ര മുഹ്യദ്ദീൻകുട്ടി മുസ്ലിയാർ, ഐ എം കെ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് 5.30 ന് ആരംഭിക്കും. വൈകീട്ട് ഏഴ് മണിക്ക് കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. ആനുകാലിക ഇന്ത്യയും വിശ്വാസികളുടെ ബാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പേരോട് അബ്ദുറഹ്മാൻ സഖാഫി സംവദിക്കും. ജാമിഅ മർകസ് പ്രസിഡണ്ട് സയ്യിദലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കെ വി അബ്ദുൽ ഖാദർ എം എൽ എ, കെ പി സി സി ജന:സെക്രട്ടറി ഒ അബ്ദുറഹ്മാൻകുട്ടി, സി പി എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് തുടങ്ങിയ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ജാമിഅ: മർകസ് 43ാം വാർഷിക സമ്മേളന പ്രചാരണ സാമയികം, അടുത്ത ഒരു വർഷത്തിനുള്ളിൽ സാന്ത്വന സിറ്റി ഉൾപ്പെടെ ജില്ലയിൽ നടത്തപ്പെടുന്ന 10 കോടിയുടെ സാന്ത്വന പദ്ധതികൾ, ഉമറാ സമ്മേളനം എന്നിവയുടെ പ്രഖ്യാപനവും നടക്കും. കേരളത്തിലെ ആത്മീയ ഗുരുക്കളിൽ പ്രധാനിയും സ്വാതന്ത്യത്തിന് മുമ്പത്തെ നികുതി നിഷേധ പ്രസ്ഥാനത്തിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ഉമർ ഖാളിയുടെ നാമധേയത്തിൽ ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൻറെ വിജയത്തിനായി പ്രത്യേകം രൂപീകരിച്ച സ്വാഗതസംഘത്തിൻറെ കീഴിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ പറഞ്ഞു. സയ്യിദ് ഫസൽ തങ്ങൾ, സി വി മുസ്തഫ സഖാഫി, അബ്ദുൽലത്തീഫ് ഹാജി ബ്ലാങ്ങാട്, ആർ വി ബശീർ മൗലവി, നവാസ് പാലുവായ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.