അണ്ടത്തോട്: പെരിയമ്പലത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു.
പെരിയമ്പലം ബീച്ച് റോഡില്‍ ആലിയമ്മദിന്‍റകത്ത് ബീരുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവ് നായക്കള്‍ കടിച്ചു കൊന്നത്. ചൊവ്വാഴ്ച്ച രാത്രി 12 ഓടെയാണ് സംഭവം. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മൂന്നാടുകളെയും കൂട്ടില്‍ നിന്ന് വലിച്ചിട്ട് തെരുവ് നായക്കള്‍ ആക്രമിക്കുന്നതാണ് കണ്ടത്. കൂടിന്‍റെ വാതില്‍ പൊളിച്ചാണ് ആടുകളെ കടിച്ച് പുറത്തിട്ടത്. മേഖയിലുണ്ടെന്ന് പറയപ്പെടുന്ന അജ്ഞാത ജീവി അക്രമിച്ചതാവാമെന്നാണ് നാട്ടുകാർ കരുതുന്നത്. അജ്ഞാത ജീവി ചോര കുടിച്ച ശേഷം ഉപേക്ഷിച്ച ഭാഗങ്ങള്‍ തെരുവ് നായക്കള്‍ക്ക് ഭക്ഷിക്കാന്‍ വിട്ടുകൊടുക്കലാണ് പതിവത്രെ. പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പ്പടി, കെട്ടുങ്ങല്‍ പ്രദേശങ്ങളില്‍ തെരുവ് നായക്കളുടെ ശല്ല്യം രൂക്ഷമാവുകയാണ്. മേഖലയിൽ ആള്‍ത്താമസമില്ലാത്ത വീടുകളുടെ മു ന്‍വശങ്ങളിലും, പുല്‍ക്കാടുകളിലും തെരുവ് നായക്കള്‍ തമ്പടിച്ച് വളര്‍ത്ത് മൃഗങ്ങളെയും ആളുകളെയും ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്തെ കോഴി ഫാമുകളിലെ കോഴിക്കുഞ്ഞുങ്ങളെയും ആക്രമിച്ചതായി പരാതിയുണ്ട്. തെരുവ് നായക്കള്‍ മദ്റസ വിദ്യാര്‍ത്ഥികളെയും, സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ആക്രമിക്കാന്‍ വരുന്നതായും നാട്ടുകാർ പറഞ്ഞു.