പുഞ്ച നെൽകൃഷിക്ക് വേണ്ടി ഞാറുനട്ട് ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി പഠിക്കുന്നതിനും നെൽപ്പാടത്തെ ജൈവ വൈവിധ്യം മനസ്സിലാക്കുന്നതിനുമായി കർഷകരോടൊപ്പം പാടത്തേയ്ക്കിറങ്ങി ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരും. സ്കൂൾ എസ്.എം.സി. ചെയർമാനായ കളത്തിങ്കൽ അജീഷിന്റെ 5 ഏക്കർ കൃഷിയിടത്തിലെ ഒരു ഏക്കറിലാണ് പൗർണമി ഇനത്തിൽപ്പെട്ട നെൽ വിത്ത് വിതച്ചത്. മുളച്ച ഞാറുകൾ വിദ്യാർത്ഥികൾ പറിച്ചെടുത്ത് മൂന്നെണ്ണം വീതമുള്ള നെൽച്ചെടികളാക്കി കഴുകിയെടുത്ത് മണ്ണൊരുക്കിയ ചേറു നിറഞ്ഞ പാടത്ത് വരിവരിയായി നിശ്ചിത അകലത്തിൽ നട്ടു. അറുപത് കുട്ടികളും പ്രധാനധ്യാപകൻ ഉൾപ്പെടെയുള്ള 6 അധ്യാപകരും പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി, എക്സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഞാറു നടീലിന് നേതൃത്വം നൽകി.

രാവിലെ ഉപ്പുങ്ങൽ പാടത്തെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഏക്കറു കണക്കിനുള്ള നെൽപ്പാടത്തേയ്ക്ക് വെള്ളം തിരിച്ചു വിടുന്ന റിസർവോയറും അതിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനവും വിവിധ തരത്തിലുള്ള ദേശാടനപ്പക്ഷികളേയും വിവിധ മണ്ണിനങ്ങളെക്കുറിച്ചും കണ്ടു മനസ്സിലാക്കി. സംഭാരം കുടിച്ചശേഷം മണ്ണൊരുക്കിയ നെൽപ്പാടത്തിറങ്ങിയ ക്ലബ്ബ്അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ഞാറു നട്ടു. ഉച്ചയോടെ പാട വരമ്പത്ത് കയറി പാള പ്ലേറ്റുകളിൽ വിളമ്പിയ കഞ്ഞിയും ചമ്മന്തിയും പ്ലാവിലക്കയിലുപയോഗിച്ച് കഴിച്ചു. അടുത്ത ഘട്ടമായ കളപറിക്കൽ, വളമിടൽ, നെല്ല് വിളവെടുപ്പ് വരെയുള്ള പ്രവൃത്തികളിലും ക്ലബ്ബംഗങ്ങൾ നേതൃത്വം നൽകും.ഞാറുനടീൽ ഉത്സവം പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എം.സി. ചെയർമാൻ കളത്തിങ്കൽ അജീഷ് ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ കെ.എൽ. മനോഹിത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം നദീറ, പി.ടി.എ. എക്സിക്യുട്ടീവംഗം പ്രദീപ്, എസ്.എസ്.ജി. ചെയർമാൻ റാണാ പ്രതാപ്, എസ്.എം.സി. പ്രതിനിധി എം.രഘുനാഥ്, അധ്യാപകരായ കെ.ജെ.ജയകൃഷ്ണൻ, ബിന്ദു മേരി, കെ.ഷിബിൻ രാജ്, ഫ്രിന്റോ ഫ്രാൻസിസ്, ബിന്ദു സുനിൽ എന്നിവരും രക്ഷിതാക്കളും ഇക്കോ ക്ലബ്ബംഗങ്ങളും പരിപാടിയ്ക്ക് നേതൃത്വം നൽകി.

Comments are closed.