ചാവക്കാട്: മീന്‍പെയ്ത്തിന്‍്റെ സുവര്‍ണ്ണ നാളുകളിലെ ആഘോഷത്തിമിര്‍പ്പുകളില്ലാതെ കടലോര മേഖലയില്‍ ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പുതുവത്സരാരംഭം.
കടപ്പുറത്ത് മീന്‍പിടിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ പുതുതായി വഞ്ചികളില്‍ പണിയെടുക്കാനും പഴയ തൊഴിലാളികളെ പിരിച്ചുവിടാനുമുള്ള ദിനമായിരുന്നു ഇടവം 15. പഴയ തൊഴിലാളികള്‍ പോകുമ്പോള്‍ പഴയ ഉടമക്ക് നല്‍കാനുള്ള കടബാധ്യത തീര്‍ക്കേണ്ടതുണ്ട്. പലപ്പോഴും ഈ തൊഴിലാളി പുതുതായി ചേരുന്ന വഞ്ചിയുടമക്കാണ് അതിന്‍്റെ ബാധ്യത. ഉടമ നല്‍കുന്ന പണം പഴയ ഉടമക്ക് നല്‍കി കട ബാധ്യത തീര്‍ക്കുന്നതോടെയാണ് മാറിക്കയറ്റത്തിന് കടപ്പുറത്തിന്‍്റെ അലിഖിത നിയമത്തില്‍ സാധുത കൈവരുന്നത്. മുമ്പൊക്കെ കൈക്കരുത്തും മെയ് മറന്ന് പണിയെടുക്കുകയും ചെയ്തിരുന്ന തൊഴിലാളികള്‍ക്കായി വഞ്ചിയുടമകള്‍ എത്ര പണം വേണമെങ്കിലും നല്‍കിയരുന്നു.
വീട് നിര്‍മ്മാണം, പെണ്‍മക്കളെ കെട്ടിച്ചയക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി മുതലാളിമാരെ ആശ്രയിക്കുന്നതോടെയാണ് ഒരു തൊഴിലാളി കടക്കാരനാവുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇടവം 15 വരേ കാത്തിരിക്കണം ഒരു തൊഴിലാളിക്ക് സ്വാതന്ത്ര്യം കിട്ടണമെങ്കില്‍. കടം വീട്ടാന്‍ കഴിയാത്തവര്‍ക്ക് ജീവതകാലം മുഴുവന്‍ ഉടമയുടെ കീഴില്‍ പണിയെടുക്കേണ്ടതുണ്ട്. തന്‍റെ ഇഷ്ടത്തിന് മറ്റു വഞ്ചികളില്‍ പോയി പണിയെടുക്കാന്‍ ഈ അലിഖിത നിയമം അനുവദിക്കില്ല. കടപ്പുറത്തിന്‍്റെ നേരും നെറിക്കുമെതിരായി നിയമ ലംഘനത്തിനു മറ്റു വഞ്ചിയുടമകളും കൂട്ടു നില്‍ക്കാറില്ല. പണിയെടുക്കാന്‍ മടികാണിക്കുന്ന തൊഴിലാളികള്‍ക്ക് ക്രൂരമായ മര്‍ദ്ദനവും ഏറ്റു വാങ്ങേണ്ടി വന്ന കാലമുണ്ടായിരുന്നു.
രണ്ടും മൂന്നും ദിവസം കാരണം കൂടാതെ പണിക്ക് വരാത്ത തൊഴിലാളികളെ തേടി ഉടമകള്‍ മറ്റു തൊഴിലാളികളെ പറഞ്ഞു വിട്ടിരുന്നു. മര്‍ദ്ദനം ഭയന്ന് പലപ്പോഴും തൊഴിലാളികള്‍ നാടു വിട്ട് കണ്ണൂര്‍ ജില്ലയിലെ ഏഴിമലയിലും കോഴിക്കോട് ജില്ലയിലെ വടകരയിലുമൊക്കെ ഒളിച്ചു പണിയെടുക്കുമായിരുന്നു. ചില തൊഴിലാളികള്‍ ഇങ്ങനെ നാടു വിട്ട് പോയ അവിടെ കല്യാണം കഴിച്ച് സ്ഥിരമാക്കിയ കഥകളുമുണ്ട്.
മലപ്പുറം ജില്ലയിലെ പാലപ്പെട്ടി മുതല്‍ വടക്കോട്ട് തൊഴിലാളി മാറ്റവും പുതുവര്‍ഷവും മിഥുനം 15നും 16നുമാണ്. ‘പാതിയും വലയും ഊരല്‍’ എന്നാണ് തിരൂര്‍ താനൂര്‍ മേഖലയില്‍ ഇതറിയപ്പെടുന്നത്.
കാലം മാറി, കടലില്‍ മീനും കുറഞ്ഞു, കടപ്പുറത്ത് വള്ളവും വള്ളക്കാരും കുറഞ്ഞു. ഇപ്പോള്‍ ചെറു വഞ്ചികള്‍ തന്നെ വിരലിലെണ്ണവുന്നയത്രയായി. ലൈലന്‍്റ് എഞ്ചിന്‍ ഘടിപ്പിച്ച വലിയ വള്ളങ്ങളിലാണിപ്പോള്‍ തൊഴിലാളികള്‍ മാറിക്കയറുന്നത്. വെള്ളിയാഴ്ച്ച മാറിക്കയറിവരില്‍ രണ്ട് ലക്ഷത്തിന്‍്റെ ബാധ്യത തീര്‍ത്തവരും ഉള്‍പ്പെടുന്നതായി എടക്കഴിയൂരില്‍ ബി.എച്ച് വള്ളമുടമ ഹസന്‍കോയ പറഞ്ഞു. പഴയപോലെ പണി മുടക്കിയത്തെുന്ന തൊഴിലാളികള്‍ക്കു നേരെ മര്‍ദ്ദനം പോയിട്ട് കടുത്ത വാക്കുപോലും പറയാന്‍ കഴിയില്ല ഉടമകള്‍ക്കിപ്പോള്‍. ‘പോയി പണിനോക്കെ’ന്ന് പറഞ്ഞ് അവര്‍ മറ്റു വള്ളങ്ങളില്‍ പോയി കയറുമെന്ന് പഴയ കാല മത്സ്യത്തൊഴിലാളി മുട്ടില്‍ അയമുണ്ണി (70). ഇപ്പോള്‍ എടക്കഴിയൂരില്‍ ആകെയുള്ളത് നാല് വള്ളങ്ങളാണ്. തിരുവത്രയില്‍ അഞ്ചും. അതു കഴിഞ്ഞാല്‍ വാടനാപ്പള്ളി, നാട്ടിക, കൈപ്പമംഗലം കടപ്പുറങ്ങളിലാണുള്ളത്. കടല്‍നിറയെ മീ ന്‍, കരയില്‍ മടിശീല നിറയെ പണം. സന്തോഷത്തിന്‍്റെ നാളുകള്‍ മാഞ്ഞുപോയ വറുതിയുടെ തീരത്താണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍. എങ്കിലും പ്രതീക്ഷ കൈവെടിയാതെ മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലിലിറങ്ങും. പുതുവര്‍ഷാരംഭത്തിന്‍്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമത്തിനും വലയില്‍ നിറയെ മത്സ്യവും ലഭിക്കാന്‍ എടക്കഴിയൂരില്‍ കൂട്ടപ്രാര്‍ത്ഥനയും സംഘടിപ്പിച്ചിട്ടുണ്ട്.