mehandi new

വൈദ്യുതി ബില്ലില്‍ ഇളവ്; 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്‍ക്ക് അധിക ബില്ലില്‍ സബ്‌സിഡി

fairy tale

ലോക്ക്ഡൗണ്‍ കാലത്ത് യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില്‍ നല്‍കിയതിലുണ്ടായ അപാകതകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി കെ എസ് ഇ ബി. 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ നിലവിലുള്ള പ്രകാരം തന്നെ വൈദ്യുതി സൗജന്യമായി നല്‍കും. മുഖ്യമന്ത്രി കൊവിഡ് അവലോകനത്തിന ശേഷം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

planet fashion

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂനിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂനിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ തന്നെ ബില്ല് കണക്കാക്കും. പ്രതിമാസം 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുക വര്‍ധനവിന്റെ പകുതി സബ്‌സിഡി നല്‍കും. പ്രതിമാസം 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലമുണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 30 ശതമാനം സബ്‌സിഡി അനുവദിക്കും.

പ്രതിമാസം 150 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 25 ശതമാനമായിരിക്കും സബ്‌സിഡി. പ്രതിമാസം 150 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്‍ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും.

വൈദ്യുതി ബില്ലിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ല. താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ല. എന്നാല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് നടപടികള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ മൂന്നു തവണകള്‍ അനുവദിച്ചിരുന്നു. ഇത് അഞ്ചു തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Jan oushadi muthuvatur

Comments are closed.