മന്ദലാംകുന്ന്: മന്ദലാംകുന്നില്‍ അറുപതോളം കൂടുംബങ്ങളുടെ കൂട്ടായ്മയില്‍ വീട്ടുവളപ്പില്‍ നടത്തുന്ന വിഷരഹിത പച്ചക്കറികൃഷി നാടിന് മാതൃകയാകുന്നു.
‘വിഷമില്ലാത്ത· ഭക്ഷണം, വിഷമമില്ലാത്ത· ജീവിതം’ എന്ന ആശയത്തിലൂന്നി ‘കാക്കമ്മാസ്’ എന്ന പേരില്‍ മന്ദലാംകുന്നിലെ കടവില്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അറുപതോളം കുടുംബങ്ങളാണ് വിഷ രഹിത പച്ചക്കറി കൃഷി നടത്തുന്നത്. “ഹരിത കുടുംബം” എന്ന് പേരിട്ട ഗാര്‍ഹിക ജൈവ കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനവും, ഗ്രോ ബാഗ് വിതരണവും കടവില്‍ തറവാട് മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍്റ് ഉമര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കടവില്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ അസ്ഹരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എ.ഡി ധനീപ്, പുന്നയൂര്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്‍റ് ആര്‍.പി ബഷീര്‍, പുന്നയൂര്‍ പഞ്ചായത്തംഗങ്ങളായ പി.വി ശിവനാന്ദന്‍, സീനത്ത് അഷറഫ്, പുന്നയൂര്‍ക്കുളം പഞ്ചായത്തംഗം ആബിദ, മുന്‍ ഖത്തീബ് എം.കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, നൗഷാദ് തെക്കുംപുറം, ജൈവ കര്‍ഷകന്‍ സജീവന്‍ തിരുകുളം, കൃഷി വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ജോഷി എന്നിവര്‍ സംസാരിച്ചു. സലീം കടവില്‍ സ്വാഗതവും ഷാഫി കടവില്‍ നന്ദിയും പറഞ്ഞു.