ഗുരുവായൂര്‍ : ആനത്താവളം പാര്‍ക്കിങ് ഗ്രൗണ്ടില്‍ മൂന്നു തവണ തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ആനത്താവളത്തിന്റെ പ്രധാന കവാടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടമാലിന്യ കൂമ്പാരത്തിനാണ് ഇന്നലെ രാവിലെ 9 മണിയോടെ തീപിടിച്ചത്. തീ പുല്ലിലേക്ക് പടര്‍ന്നതോടെ ഒരേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചെങ്കിലും ഉച്ചക്ക് രണ്ടോടെ വീണ്ടും തീ ഉയര്‍ന്നു. ഇതിന് സമീപത്ത് സന്ദര്‍ശകരുടെ നിരവധി വാഹനങ്ങളുണ്ടായിരുന്നു. വാഹനം പാര്‍ക്ക് ചെയ്ത് ആനത്താവളത്തിനകത്തായിരുന്നു പലരും. ശക്തിയായ കാറ്റില്‍ തീ പ്രദേശത്തെ വീടുകളിലേക്കും വാഹനങ്ങളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കക്കിടയില്‍ നാട്ടുകാര്‍ വീണ്ടും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. വീണ്ടും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു പോയതിന് ശേഷം ഉച്ചക്ക് മൂന്നോടെ വീണ്ടും തീ ഉയര്‍ന്നു. നാട്ടുകാര്‍ വീണ്ടും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും എത്താനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. പത്തോളം സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായതിനാല്‍ എല്ലായിടത്തും ഓടിയെത്താന്‍ കഴിയില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചതോടെ ദേവസ്വത്തിലെ ഹെല്‍ത്ത് വിഭാഗം ജീവനക്കരെത്തി തീയണച്ചു. അടിക്കടിയുണ്ടായ തീപിടുത്തം പ്രദേശത്തെ 25ഓളം വീട്ടുകാരെയാണ് ഭീതിയിലാഴ്ത്തിയത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മാലിന്യം കുമിഞ്ഞു കൂടുന്നതും പൊന്തക്കാടുകള്‍ വെട്ടി വൃത്തിയാക്കാത്തതുമാണ് തീപിടിത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.