Header

കനോലി കനാലില്‍ മീനുകള്‍ ചത്തുപൊങ്ങി

ചാവക്കാട്: മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് കറുപ്പുനിറവും ദുര്‍ഗ്ഗന്ധപൂരിതവുമായ കനോലി കനാലില്‍ മീനുകള്‍ ചത്തുപൊങ്ങി. വ്യാഴാഴ്ച രാത്രിയോടെ കനോലി കനാലിന്റെ പല ഭാഗങ്ങളിലും മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങാനും തുടങ്ങിയിട്ടുണ്ട്.
പാടശേഖരങ്ങളിലുണ്ടായിരുന്ന പുല്ല് ചീഞ്ഞളിഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തോടൊപ്പം കനാലിലേക്ക് എത്തിയതാണ് ഇപ്പോഴത്തെ വെള്ളത്തിന്റെ നിറംമാറ്റത്തിനും ദുര്‍ഗ്ഗന്ധത്തിനും കാരണം. സാധാരണയായി കനത്തമഴയുള്ളപ്പോഴാണ് കുട്ടാടന്‍ പാടശേഖരത്തില്‍നിന്നുള്ള ചീര്‍പ്പ് കനോലി കനാലിലേക്ക് തുറന്നുവിടുന്നത്. കനത്ത മഴയെത്തുടര്‍ന്നുണ്ടാകുന്ന കുത്തൊഴുക്കില്‍ ഈ മാലിന്യങ്ങള്‍ ഗതിവേഗത്തില്‍ ചേറ്റുവപ്പുഴയില്‍ ചെന്നുചേരുന്നതിനാല്‍ മുന്‍കാലങ്ങളില്‍ ഇതൊരു പ്രശ്‌നമാവാറില്ലായിരുന്നു. എന്നാല്‍, ഇത്തവണ ശക്തമായ മഴയില്ലാത്ത ദിവസങ്ങളില്‍ ചീര്‍പ്പ് തുറന്നുവിട്ടതാണ് വെള്ളം കറുപ്പുനിറമാവാനും ദുര്‍ഗ്ഗന്ധം വമിക്കാനും കാരണം. കഴിഞ്ഞ വര്‍ഷവും മഴകുറഞ്ഞ സമയത്താണ് അധികൃതര്‍ ചീര്‍പ്പു തുറന്നത്. ഇതേത്തുടര്‍ന്ന് വെള്ളം മലിനമാവുകയും വന്‍തോതില്‍ മീനുകള്‍ കനാലില്‍ ചത്തുപൊങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ചീര്‍പ്പു തുറന്നപ്പോള്‍ സംഭവിച്ച സമയപ്പിഴ ഇത്തവണയും അധികൃതര്‍ ആവര്‍ത്തിച്ചു. കക്കൂസ് മാലിന്യങ്ങളും അറവുമാലിന്യങ്ങളും ഉള്‍പ്പെടെയുളളവ തള്ളുന്നതുമൂലം മലിനീകരണഭീഷണി നേരിടുന്ന കനോലി കനാലിന് പുതിയ വിപത്തായിരിക്കുകയാണ് പാടശേഖരങ്ങളില്‍നിന്നുള്ള മാലിന്യങ്ങളുടെ വരവ്.

 

ചിത്രങ്ങള്‍ : അഷ്കര്‍ ഒരുമനയൂര്‍ 

Comments are closed.