ചാവക്കാട് : ഹിന്ദു മഹാസഭയുടെ ഗാന്ധി വധം ആഘോഷത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാടിന്റെ വിവിധ മേഖലകളിൽ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എം എസ് എഫ്, എസ് ഡി പി ഐ, കെ എസ് യു, കോണ്ഗ്രസ് എന്നീ സംഘടനകളാണ് വിവിധ കേന്ദ്രങ്ങളിൽ മഹാത്മാ ഗാന്ധിയുടെ കൊലപാതകിയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്.
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദു മഹാസഭ ഗാന്ധി യുടെ കൊലപാതകം പുനരാവിഷ്കരിക്കുകയും കോലം കത്തിക്കുകയും ഗോഡ്‌സെയെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി ഷാ നവാസ് ഉദ്ഘാടനം ചെയ്തു. തെബ്ഷീർ മഴുവഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.വി സത്താർ, അനീഷ് പാലയൂർ, ബൈജു തെക്കൻ, അഷറഫ്, നിഖിൽ ജി കൃഷ്ണൻ. ഗോഗുൽ, ഷെമീം, ഫായിസ്, ശർബാനൂസ്, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

തിരുവത്രയിൽ എം എസ് എഫ് നടത്തിയ പ്രതിഷേധ പരിപാടിയിൽ മുനിസിപ്പൽ പ്രസിഡന്റ് എം എസ് സാലിഹ് അധ്യക്ഷത വഹിച്ചു. പി എ ഹാഷിം മാലിക്ക്, കെ എ ഷാനവാസ്, ബക്കർ, ഹസീബ് ചീനിച്ചുവട്, റ്റി എം ഫർഷിൻ, കെ എഫ് റാഷിക്ക്, റാഫി ചീനിച്ചുവട് എന്നിവർ സംസാരിച്ചു.