ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുനടന്ന ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഗോപീകണ്ണന്‍ ജേതാവാകുന്നത്. ആറ് തവണ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ജേതാവായിട്ടുണ്ട്.  ജൂനിയര്‍ വിഷ്ണുവിനെ രണ്ടാം സ്ഥാനത്തെക്ക് പിന്തള്ളിയാണ് ഗോപീകണ്ണന്‍ ക്ഷേത്രഗോപുര വാതില്‍ കടന്ന് ഒന്നാമനായത്. ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചത് പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് നമ്പീശനും മാതേമ്പാട്ട് നമ്പ്യാരും പാപ്പാന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് കുടമണികള്‍ കൈമാറി. നടവഴിക്ക് ഇരുപുറവുമായി ബാരിക്കേഡുകള്‍ക്കപ്പുറത്ത് തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ജനാവലിയുടെ മധ്യത്തിലൂടെ കുടമണികളുമായി പാപ്പാന്മാര്‍ ഓടി മഞ്ജുളാലിന് സമീപം ഒരുക്കി നിര്‍ത്തിയ ആനകളെ അണിയിച്ചു. മാരാര്‍ ശംഖനാദം മുഴക്കിയതോടെ ആനകള്‍ കുതിപ്പ് തുടങ്ങി. തുടക്കം മുതലേ ഗോപീകണ്ണനായിരുന്നു മുന്നില്‍. ഒന്നാമനായ ഗോപീകണ്ണന് പിന്നാലെ രണ്ടാമനായി ജൂനിയര്‍ വിഷ്ണുവും മൂന്നാമനായി ഗോപീകൃഷ്ണനും ക്ഷേത്രത്തില്‍ പ്രവേശിച്ചു.  ആനയോട്ടത്തില്‍ ഒന്നാമനായ ഗോപാകണ്ണന് പത്ത് ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും.  2003, 2004, 2009, 2010, 2016 വര്‍ഷങ്ങളിലാണ് ഗോപീകണ്ണന്‍ നേരത്തെ ജേതാവായിട്ടുള്ളത്. 23 ആനകളെയാണ് ആനയോട്ടത്തില്‍ അണിനിരത്തിയിരുന്നത്. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്. ദേവസ്വം ഭരണ സമിതി അംഗങ്ങളായ അഡ്വ.എ.സുരേശന്‍, അഡ്വ.കെ.ഗോപിനാഥന്‍, സി.അശോകന്‍, പി.കെ.സുധാകരന്‍, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.കുഞ്ഞുണ്ണി, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ വി.മുരളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എ.സി.പി പി.എ. ശിവദാസന്റെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു. വിദേശികളടക്കം വന്‍ജനാവലി ആനയോട്ടം കാണാന്‍ ഗുരുവായൂരിലെത്തിയിരുന്നു.

Nithin Narayanan

Nithin Narayanan

Photographer

ആനയോട്ടം ക്യാമറയില്‍ പകര്‍ത്തിയത് നിധിന്‍ നാരായണന്‍