ചാവക്കാട്: വസൂരി ബാധിച്ച ആടുകൾ നഗരത്തിലും പരിസരങ്ങളിലും സ്വൈര്യ വിഹാരം നടത്തുന്നു. വൈറസ് രോഗമായ ഗോട്ട് പോക്സ് വ്യാപകമാകുമെന്ന ഭീതിയില്‍ കര്‍ഷകര്‍. രോഗം ബാധിച്ച ആടുകളെ പുറത്ത് വിടരുതെന്ന് വെറ്റിനറി വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കെയാണ് സംഭവം. മേഖലയില്‍ പതിമൂന്ന് ആടുകള്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചത്തിരുന്നു. എന്നാല്‍ നഗരസഭാ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ആദ്യം രോഗം കാണപ്പെട്ട പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് മേഖലയില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും നാട്ടുകാരില്‍ രോഗ പ്രതിരോധ ബോധവല്‍ക്കരണം നടത്തുകയും ഗോട്ട്പോക്സ് നിയന്ത്രണ വിധേയമാകുകയും ചെയ്തിരുന്നു.
എന്നാല്‍ 13 ആടുകൾ ചാവുകയും ആടുകളില്‍ വസൂരി പടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ദേഹം മുഴുവൻ വൃണങ്ങള്‍ വന്ന് ചീഞ്ഞുനാറുകയും ശരിയായ ചികിത്സയും പരിചരണവും ലഭിച്ചില്ലെങ്കില്‍ ചത്തുപോകുകയും ചെയ്യുന്ന ഗോട്ട് പോക്സ് എളുപ്പത്തില്‍ പടരുന്ന രോഗമാണ്. ഭയാനകമായ ഈ അവസ്ഥയിലാണ് രോഗബാധിതരായ ആടുകളെ പൊതുനിരത്തില്‍ മേയാൻ വിടുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്തത്. ചാവക്കാട് അരി മാർക്കറ്റിലും പരിസരങ്ങളിലുമാണ് വൃണം നിറഞ്ഞ് ഈച്ചകൾ പൊതിഞ്ഞ ആടുകൾ മേയുന്നത്.
രോഗം ബാധിച്ച് കറങ്ങിത്തിരിയുന്ന ആടുകളെ പിടിച്ച് കെട്ടാനും ഉടമകളെ ബോധവത്ക്കരിക്കാനും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.