ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ. ഗുരുപവനപുരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം. ആശ്രിത വത്സലനായ ഭഗവാന്‍ ശ്രീ ഗുരുവായൂരപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് ദര്‍ശന പുണ്യം നേടാന്‍ പതിനായിരങ്ങളാണ് ഏകാദശി നാളില്‍ ഗുരുവായൂരിലെത്തുക. ഏകാദശിയെ വരവേല്‍ക്കാന്‍ മത്സരബുദ്ധിയോടെയുള്ള ഒരുക്കങ്ങളാണ് ക്ഷേത്രനഗരിയിലേത്. ക്ഷേത്രവും പരിസരവും സ്ഥാപനങ്ങളും ഭവനങ്ങളും വൈദ്യൂത ദീപാലങ്കാരങ്ങളാല്‍ പൂരിതമാണ്. കിഴക്കേനടയില്‍ കാര്‍ണ്ണിവലും ഒരുങ്ങിയിട്ടുണ്ട്. വഴിവാണിഭക്കാരും സജീവമാണ്.
ഏകാദശി ദിവസം ക്ഷേത്രത്തില്‍ ദേവസ്വം വക ഉദയാസ്തമനപൂജയോടെയുള്ള വിളക്കാഘോഷമാണ്. രാവിലെ ഏഴിന് നടക്കുന്ന കാഴ്ച ശീവേലിയില്‍ ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണ്ണക്കോലമേറ്റും. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാവും. രാവിലെ ഒമ്പതിന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പില്‍ പഞ്ചവാദ്യവും തിരിച്ചെഴുന്നെള്ളിപ്പില്‍ നാദസ്വരവും അകമ്പടി സേവിക്കും. രാത്രി പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്രയും തിരിച്ച് രഥം എഴുന്നള്ളത്തും ഉണ്ടാകും.
ഏകാദശി ദിവസം ഭക്തര്‍ക്ക് ദര്‍ശനം നടത്താനും പ്രസാദ ഊട്ടിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏകാദശി വ്രതം നോറ്റെത്തുന്നവര്‍ക്കായി പ്രത്യേക വിഭവങ്ങളാണ് നല്‍കുക. രാവിലെ ഒമ്പത് മുതല്‍ പടിഞ്ഞാറെനടയിലെ അന്നലക്ഷ്മി ഹാളിലും, തെക്കേനടയിലും വടക്കേനടയിലുമാണ് പ്രസാദ ഊട്ട് നല്‍കുക. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി കൂടുതല്‍ പോലീസിനെ വ്യന്യസിച്ചിട്ടുണ്ട്. കൂടാതെ സെപ്ഷല്‍പോലീസ് ഓഫീസര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഇന്നു ദശമി നെയ് വിളക്കാഘോഷമാണ്. തിരുനാമചാര്യന്‍ ആഞ്ഞം മാധവന്‍നമ്പൂതിരി രൂപീകരിച്ച ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയാണ് ദശമി വിളക്കാഘോഷം. രാവിലെ കാഴ്ചശീവേലിക്ക് പെരുവനംകുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്കും രാത്രിവിളക്കെഴുന്നള്ളിപ്പിനും അന്നമനട പരമേശ്വര മാരാരുടെ പ്രമാണിത്വത്തില്‍ പഞ്ചവാദ്യവും അകമ്പടിയാവും. സന്ധ്യക്ക് കേളിയുമുണ്ടാകും. നാരായണാലയത്തില്‍ സാധുക്കള്‍ക്ക് അന്നദാനം, നാരായണപാരായണം എന്നിവയും ഉണ്ടായിരുന്നു. ഏകാദശി വ്രതപൂര്‍ണ്ണതക്കായി ഞായറാഴ്ച ദ്വാദശി പണസമര്‍പ്പണം നടക്കും. തിങ്കളാഴ്ച ത്രയോദശി ഊട്ടോടെയാണ് ഏകാദശിച്ചടങ്ങ് സമാപിക്കുക.