തുടർച്ചയായ മൂന്നാം തവണയും സ്വരാജ് ട്രോഫി തിളക്കത്തിൽ ഗുരുവായൂർ നഗരസഭ

ഗുരുവായൂർ : കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി സ്വന്തമാക്കി ഗുരുവായൂർ നഗരസഭ വീണ്ടും ചരിത്രം കുറിച്ചു. കണ്ണൂർ ജില്ലയിലെ അന്തൂരിൽ നടന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷിൽ നിന്നും ഗുരുവായൂർ നഗരസഭാ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.

തുടർച്ചയായ മൂന്നാം തവണയാണ് ഗുരുവായൂർ നഗരസഭ സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
പദ്ധതി വിഹിതം കാര്യക്ഷമമായി വിനിയോഗിക്കൽ, നികുതി പിരിവ്, മാലിന്യ സംസ്കരണത്തിലെ മികവ് (ഹരിതകർമ്മ സേനയുടെ പ്രവർത്തനം), ജനസേവനങ്ങളുടെ വേഗത തുടങ്ങിയവ കണക്കിലെടുത്താണ് ഈ പുരസ്കാരം.
ഈ വലിയ നേട്ടം ഗുരുവായൂരിലെ ജനങ്ങൾക്കും നഗരസഭയിലെ അശ്രാന്തപരിശ്രമികളായ ജീവനക്കാർക്കും സമർപ്പിക്കുന്നുവെന്ന് നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ, ഗുരുവായൂർ ദേവസ്വം, നിലവിലെയും മുൻപത്തെയും ഭരണസമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അവർ കൂട്ടിചേർത്തു.

Comments are closed.