റയില്‍വേഗേറ്റ് തകരാറിലായയി – ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു
ഗുരുവായൂര്‍ : റയില്‍വേഗേറ്റ് തകരാറിലായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ പാസഞ്ചര്‍ മുക്കാല്‍ മണിക്കൂറോളം വൈകി. ഒരു മണിക്കൂറോളം ഗേറ്റടഞ്ഞ് കിടന്നതിനാല്‍ ഈ സമയമത്രയും നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. രാവിലെ 9.05ന് ഗുരുവായൂരില്‍ നിന്ന് പുറപെടേണ്ട തൃശൂര്‍ പാസഞ്ചര്‍ കടന്നുപോകുന്നതിനായാണ് ഗേറ്റടച്ചത്. ഈ സമയം, ഗേറ്റ് ഉയര്‍ത്താനും താഴ്ത്താനുമുള്ള സ്റ്റീല്‍ റോപ് പൊട്ടുകയായിരുന്നു. റോപ് പൊട്ടിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തടസപെട്ടു. സിഗ്നല്‍ തടസപെട്ടതോടെയാണ് ട്രെയിന്‍ പുറപെടാന്‍ വൈകിയത്. ഇതോടെ ഗേറ്റിന് ഇരു വശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ടെമ്പിള്‍ സ്റ്റേഷന്‍ എസ്.ഐ. ഗിരിജ വല്ലഭന്റെ നേതൃത്വത്തില്‍ പോലീസും ആര്‍.പി.എഫും സ്ഥലതെത്തി വാഹനങ്ങളെ വഴി തിരിച്ചു വിട്ടു. ചെറു വാഹനങ്ങള്‍ നെന്മിനി റയില്‍വേഗേറ്റ് വഴിയാണ് കടത്തി വിട്ടത്. ഇതോടെ ഈ പ്രദേശത്തും ഗതാഗത കുരുക്ക് രൂക്ഷമായി. തൃശൂരില്‍ നിന്നുള്ള ബസ്സുകളിലെ യാത്രക്കാരെ ഗേറ്റിനപ്പുറത്ത് ഇറക്കി വിട്ടു. പോലീസിന്റെയും ആര്‍.പി.എപിന്റെയും സഹായത്തോടെ യാത്രികരെ ഗേറ്റ് കടത്തി വിട്ടു. സമയനിഷ്ഠ പാലിക്കാനാകാത്തതിനാല്‍ പത്തോളം സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താനായില്ല. 9.45ഓടെ താത്കാലിക സംവിധാനത്തോടെയാണ് സിഗ്നല്‍ സംവിധാനം പുനരാരംഭിച്ച് ട്രെയിന്‍ കടത്തി വിട്ടത്. പിന്നീട് കൂടുതല്‍ റയില്‍വേ ജീവനക്കാരെത്തി 10.15ഓടെ ഗേറ്റ് കൈ കൊണ്ട് ബലം പ്രയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. തൃശൂരില്‍ നിന്ന് വിദഗ്ദ്ധ ജീനക്കാരെത്തി ഉച്ചയോടെയാണ് പൊട്ടിയ റോപ് ശരിയാക്കിയത്.
Comments are closed.