ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ എ.സി ഹനീഫ വധിക്കപ്പെട്ട കേസ് അന്വേഷിക്കാൻ വീണ്ടും പുതിയ അന്വേഷണ സംഘം. ഇതോടെ കേസന്വേഷിക്കാനെത്തുന്നത് നാലാം സംഘം.
പുതിയ അന്വേഷണത്തലവനായ ക്രൈംബ്രാഞ്ച് ടെമ്പിള്‍ സ്ക്വാഡ് എസ്.പി.കെ.വി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പുത്തൻ കടപ്പുറം എ.സി ഹനീഫയുടെ വീട്ടിലെത്തി. പ്രമാദമായ ടി.പി.ചന്ദ്രശേഖരന്‍ വധകേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ അന്വേഷിച്ച സംഘത്തില്‍ എസ്.പി. കെ.വി.സന്തോഷ്‌കുമാര്‍ ഉണ്ടായിരുന്നു. ഇതുവരെ അന്വേഷണം നടത്തിയ മൂന്ന് അന്വേഷണസംഘങ്ങളുടേയും റിപ്പോര്‍ട്ട് പരിശോധിക്കാതെ എഫ്.ഐ.ആര്‍.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തുടക്കം മുതല്‍ അന്വേഷിക്കാനാണ് ഡി.ജി.പി.യുടെ നിര്‍ദ്ദേശം എന്നാണ് സൂചന.
ഹനീഫ വധക്കേസിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് സി.എ ഗോപപ്രതാപനിലേക്ക് കേസെത്തിക്കാനാവാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. ആദ്യ അന്വേഷണ സംഘം തൃശൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എട്ട് മണിക്കൂറുകളോളമാണ് ഗോപപ്രതാപനെ ചോദ്യം ചെയ്തത്. സംഭവ ദിവസം ഗോപനുമായി ബന്ധപ്പെട്ട എല്ലാ ഫോൺ വിളികളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ കേസന്വേഷണത്തിൽ നിന്ന് മാറ്റിയ മൂന്നാം സംഘം ചാവക്കാട് റെസ്റ്റ് ഹൗസിൽ ഗോപപ്രതാപനെ വിളിച്ച് ചോദ്യം ചെയ്തത് തുടർച്ചയായ നാല് ദിവസമാണ്. എന്നിട്ടും കേസിലെ മുഖ്യ ആസൂത്രകരെന്ന് ഹനീഫയുടെ ബന്ധുക്കൾ ആരോപിക്കുന്ന കോൺഗ്രസ് ഐ വിഭാഗം നേതാക്കളിലേക്ക് അന്വേഷണ ഉദ്യേഗസ്ഥർക്ക് കടന്നു കയറാനുള്ള ഒരു തുമ്പും ഇതുവരെ ലഭിക്കാത്തതാണ് പൊലീസിന് തലവേദനയാകുന്നത്. സംഭവത്തിൽ ഹനീഫയുടെ കുടംബത്തോടൊപ്പം കേസന്വേഷിക്കാൻ ആവശ്യപ്പെട്ട് അടി‍യുറച്ച് നിന്ന എ വിഭാഗം കോൺഗ്രസ് നേതാക്കളും തളർന്ന മട്ടിലാണ്.
അതേ സമയം ഹനീഫ വധിക്കപ്പെടുന്നതിന് രണ്ട് മാസം മുമ്പ് തനിക്ക് വധ ഭീഷണിയുണ്ടെന്ന് സൂചിപ്പിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ആരോപണത്തിനു വിധേയനായ അന്നത്തെ പൊലീസ് മേധാവി ഇപ്പോൾ വീണ്ടും തിരികെ എത്തിയിട്ടുണ്ട്. ഈ പൊലീസ് ഉദ്യോഗസ്ഥനെ ഉൾപ്പടെയുള്ളവർക്കെതിരെ സി.പി.എം ഡി.വൈ.എഫ്.ഐ സംഘടനകൾ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ സി.പി.എം ഭരണത്തിലെത്തി ഒരു വർഷം തികയും മുമ്പെ അന്നത്തെ പൊലീസ് മേധാവിയെ തന്നെ തിരികെ കൊണ്ടു വന്നിരിക്കുകയാണെന്ന ആരോപണവും നാട്ടിൽ ശക്തമാണ്.
ഹനീഫ വധത്തിൽ പ്രത്യക്ഷത്തിലൊ പരോക്ഷമായോ ഗോപ പ്രതാപനെ കണ്ണി ചേർക്കാനാവാത്തിനെ തുടർന്ന് അദ്ദേഹത്തെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള അപേക്ഷയും കോടതിയിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനാത്തിൽ ഇക്കഴിഞ്ഞ ജനുവരി 17ന് സെഷൻസ് കോടതിയിൽ ഹാജരായ ഗോപപ്രതാപൻ തനിക്ക് നുണപരിശോധനക്ക് വിധേയനാകാൻ പൂർണ്ണ സമ്മതമാണെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം ഹനീഫയുടെ വീട്ടിലെത്തി അദ്ദേഹം വധിക്കെപ്പെടുന്നതിനു തൊട്ടു മുമ്പെ മാതാവ് ഐഷാബിയെ ഭീഷണിപ്പെടുത്തിയെന്നും ഹനീഫയെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള അവരുടെ പരാതി വാസ്തവ വിരുദ്ധമാണെന്നും ഗോപൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഹനീഫയുടെ മാതാവ് ഐഷാബിയേയും നുണ പരിശോധനക്ക് വിധേയമാക്കണമെന്നും ഗോപൻ ആവശ്യപ്പെട്ടിരുന്നു.