കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ് അവർക്ക് രക്ഷകനായി വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് കടന്നു വരുന്നത്. പുതിയ വീടുകളുടെ നിർമ്മാണവും ഭൂമിയുടെ മുറിച്ചു വിൽപ്പനയും മൂലം വഴികളെല്ലാം അടയ്ക്കപ്പെട്ടു. ഭൂമി വാങ്ങിയവർ നൽകിയ നാലടി വഴിയാണ് നിലവിൽ ഉണ്ടായിരുന്നത്.

വർഷക്കാലത്ത്, കിടപ്പ് രോഗികളായവരെ ആശുപത്രിയിൽ എത്തിക്കാൻ നൂറു മീറ്ററുകൾക്കപ്പുറം മന്ദലാംകുന്ന് പാലത്തിന്റെ അപ്രോച്ച് റോഡിൽ വന്നു നിൽക്കുന്ന ആംബുലൻസിലേക്ക് അരക്ക് മീതെ വെള്ളത്തിലൂടെ താങ്ങി കൊണ്ടുപോകുന്ന കാഴ്ച ആരുടെയും കണ്ണുകൾ നനയിക്കുന്നതാണ്. എട്ടു വർഷം മുൻപ് തുടങ്ങി വെച്ച റോഡിന്റെ പരിശ്രമങ്ങൾ അവസാനിച്ചത് ഇരുന്നൂറ്റി നാൽപ്പത് മീറ്റർ നീളത്തിലും പതിനാല് അടി വീതിയിലും റോഡ് യാഥാർഥ്യമാക്കികൊണ്ടാണ്. അതിനു വേണ്ടി മെമ്പറും ഒപ്പം നിന്ന സുഹൃത്ത് ഹുസൈനും നിരവധി പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് അംബേദ്കറുടെ നാമകരണത്തോടെ റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിലും ഉൾപ്പെടുത്തി. പ്രാഥമിക പ്രവൃത്തികൾക്ക് അഞ്ചു ലക്ഷം രൂപ കൂടി പഞ്ചായത്തിൽ നിന്നും അനുവദിച്ചു.
പണ്ട്വ മുതലേ വർഷംതോറും ഉത്സവം നടന്നുവന്നിരുന്ന പെരുവഴിപ്പുറത്ത് ക്ഷേത്രത്തിൽ ഉത്സവം പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ദേശീയപാത വികസനത്തെ തുടർന്ന് കിഴക്ക് ഭാഗത്ത് റോഡ് അടച്ചതോടെ , ക്ഷേത്രത്തോട് ചേർന്ന് നിർമ്മിക്കപ്പെട്ട പള്ളിയിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും ഈ റോഡ് ഉപകാരപ്പെടും. വാർഡ് വിഭജനത്തിൽ ഈ പ്രദേശം രണ്ടാം വാർഡിന്റെ ഭാഗമായിട്ടുണ്ട്. തന്നെ ഇവിടത്തെ കുടുബങ്ങൾക്ക് റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹുസൈൻ എടയൂർ അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്ക് വേണ്ടി എം. കെ അബൂബക്കർ മെമ്പറെ ആദരിച്ചു. പഞ്ചായത്ത് അംഗം സി അഷ്‌റഫ്, ഹുസൈൻ മാസ്റ്റർ, എം. സി ബഷീർ, കെ. സി മാമദ്, കെ. കെ ഷുക്കൂർ, പി. എ ലിയാഖത്തലി, പി. എ നസീർ, ടി. കെ ഉസ്മാൻ, പി. എം ഹംസകുട്ടി, ടി. എ അയിഷ, ആർ. വി അഹമ്മദ് കബീർ ഫൈസി, യൂസഫ് തണ്ണിതുറക്കൽ, കെ നൗഫൽ, കെ. കെ അക്ബർ, പി. വി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സനില സുരാജ് സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു.


Comments are closed.