ഗുരുവായൂര്‍ : യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ അറിയാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് മന്ത്രി അജ്ഞത പ്രകടിപ്പിച്ചത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ ഫാ. ടോം ഉഴുന്നാലിന്റെ  മോചനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ആരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചോദിച്ചത്. യെമനില്‍ നിന്നും  തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ് ഫാ.ടോം ഉഴുന്നാലില്‍ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരിച്ചു.  ആറ് മാസം മുമ്പ് യമനില്‍ ഭീകരര്‍ തടവിലാക്കിയ വൈദികനാണെന്ന്  മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വിശദീകരിച്ചെങ്കിലും മന്ത്രിക്ക് വ്യക്തമായില്ല. സര്‍ക്കാരിന് എന്തെങ്കിലും വിവരം കിട്ടിയാല്‍ അന്വേഷിക്കാമെന്ന്  പറഞ്ഞ് രാജ്‌നാഥ് സിംഗ് മാധ്യമ പ്രവര്‍ത്തകരുമായുള്ള സംസാരം അവസാനിപ്പിച്ചു. ‘അച്ഛാദിന്‍’ വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛാദിന്‍ വരുമന്നാണ് സര്‍ക്കാരിന്റെ ആത്മവിശ്വാസമെന്ന് മന്ത്രി മറുപടി നല്‍കി. ഫാ.ടോമിന്റെ മോചനം സംബന്ധിച്ച് സുഷമ സ്വരാജ് അടക്കമുള്ള പല നേതാക്കളും ആവശ്യപെടുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇതേ കുറിച്ച് അറിയാത്ത രീതിയില്‍ പ്രതികരിച്ചത്. സംഭവം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയമായി ഉന്നയിച്ചിരുന്നു.  ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമൊവശ്യപ്പെട്ട് കത്തോലിക്കാ കോഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്കു നിവേദനവും നല്‍കിയിരുന്നു.