എടക്കഴിയൂരിൽ വൻ സ്പിരിറ്റ് വേട്ട – ഗൂഗിൾ മാപ്പ് ചതിച്ചു സ്പിരിറ്റ് കടത്ത് സംഘം വലയിലായി

ചാവക്കാട്: എടക്കഴിയൂർ ചങ്ങാടം റോഡിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. 42 കാനുകളിൽ നിന്നായി 1400 ലിറ്ററിലധികം സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കുരഞ്ഞിയൂർ ചങ്ങാടം റോഡിന് സമീപം വെച്ചായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തെക്കൻ ജില്ലയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്പിരിറ്റ്. കണ്ണൂർ സ്വദേശികളായ രണ്ടു പേർ പിടിയിൽ.

എക്സൈസ് വിഭാഗം പിന്തുടരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഗൂഗിൾ മേപ്പ് നോക്കി പിക്കപ്പ് വാൻ എടക്കഴിയൂർ തെക്കേ മദ്രസ്സയിൽ നിന്നും ചങ്ങാടം റോഡിലേക്ക് തിരിക്കുകയായിരുന്നു. അതുവഴി ഉൾറോഡിലൂടെ തൃശൂർ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ചങ്ങാടം പാലത്തിന് മുകളിൽ വലിയ വാഹനങ്ങൾ കയറാതിരിക്കാൻ വെച്ചിട്ടുള്ള ബാരിക്കേഡ് കടന്ന് പോകാൻ കഴിയാത്തതിനാൽ സമീപത്തെ ഓയിൽ മില്ലിന് സമീപം വാഹനം നിറുത്തിയിടേണ്ടി വന്നു. ഈ സമയം എക്സൈസ് സംഘം പിക്കപ്പ് വാൻ വളയുകയായിരുന്നു.
വാഹനത്തിൽ ചകിരി നിറച്ച് അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് കന്നാസുകൾ.

Comments are closed.