തിരുവത്ര : മഹല്ലിലെ അനൈക്യത്തിനെതിരെ പ്രവാസിയായ യുവാവിൻറെ നിരാഹാര സമരം നാല് നാള്‍ പിന്നിടുന്നു.
നാളെ ഞായറാഴ്ച മഹല്ല് നിവാസികള്‍ ഒറ്റയാള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക്.
തിരുവത്ര മഹല്ലിലെ അനൈക്യത്തിനെതിരെ അനിശ്ചിത കാല നിരാഹാര സമരവുമായി യു എ ഇ യില്‍ ജോലിചെയ്യുന്ന തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദലിയാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവത്ര പുതിയറ പള്ളിക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ സമര പന്തലിലേക്ക് നൂറുകണക്കിന് മഹല്ല് നിവാസികളാണ് ദിനേനെ പിന്തുണ പ്രഖ്യാപിച്ച് എത്തുന്നത്.

കഴിഞ്ഞ ഒന്നര ദശകത്തിലേറേയായി തിരുവത്ര പുത്തന്‍ കടപ്പുറത്തെ തിരുവത്ര ജുമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങൾ വെവ്വേറെയായി സംഘടിച്ച് ഭരണത്തിൻറെ പേരിൽ തര്‍ക്കം ആരംഭിച്ചിട്ട്. നിലവിൽ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ഇരു വിഭാഗവും പരസ്പരം അംഗീകരിക്കുന്നില്ല. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്.

2003ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജുമാഅത്ത് കമ്മിറ്റിയില്‍ ചേരിപ്പോരും തര്‍ക്കവും തുടങ്ങിയത്. യോഗം തുടങ്ങിയതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും ബഹളത്തിലെത്തിയതോടെ അലങ്കോലമായ തെരെഞ്ഞുപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയുമായിരുന്നു. തുടര്‍ന്ന് പഴയ കമ്മിറ്റി രണ്ടായി പിളര്‍ന്ന് അതിലൊരു വിഭാഗം കമ്മിറ്റിയുമായി മുന്നോട്ടു പോയി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2009 ല്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു. വഖഫ് ബോര്‍ഡ് രണ്ട് കക്ഷികള്‍ക്കും നോട്ടീസയച്ച് അവരവരുടെ വാദങ്ങള്‍കേട്ട ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുര്‍ന്ന് അഡ്വ. ടി.എന്‍ സുജീര്‍ റിട്ടേണിംഗ് ഓഫീസറായെത്തി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മറ്റിയെ മാറ്റി നാട്ടുകാര്‍ കെ നാവാസ് പ്രസിഡണ്ടും പി എം ഹംസ സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
എന്നാല്‍ എതിര്‍ വിഭാഗം ഈ നടപടിക്കെതിരെ വീണ്ടും പരാതിയുമായി വഖഫ് ട്രിബ്യൂണലിനെ സമീപിച്ചു. തിരുവത്ര ജുമാഅത്ത് പള്ളിയില്‍ വഖഫ് ബോര്‍ഡിന് ഇടപടേണ്ട കാര്യമില്ലെന്നും പള്ളിയും വസ്തുക്കളും സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തുണ്ടാക്കിയ പഴയ കമ്മിറ്റിയുടേതാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഇതേ തുടര്‍ന്നുള്ള വാദങ്ങള്‍ക്കൊടുവിൽ 2014 നവംബറിൽ മജിസ്‌ട്രേറ്റ് എസ്.എസ് വാസന്‍ ഇടക്കാല മുതവല്ലിയെ നിയോഗിച്ച് വിധി പ്രഖ്യാപിച്ചു. 1991 ലാണ് സൊസൈറ്റി ആക്റ്റ് പ്രകാരം തിരുവത്ര ജുമാഅത്ത് കമ്മിറ്റി നിലവില്‍ വന്നതെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളിയും പള്ളിയുടെ വസ്തുവഹകളും നിലവിലുണ്ടായിരുന്നെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 2009 ല്‍ തെരഞ്ഞെടുപ്പിലൂടെ വന്ന കമ്മിറ്റി അഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ മഹല്ലിലെ സമാധാനാന്തരീക്ഷം കണക്കിലെടുത്ത് പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. മഹല്ലിലെ 18 കഴിഞ്ഞ പുരുഷന്‍മാരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടികയുണ്ടാക്കിവേണം ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനെന്നും ഉത്തരവില്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനകം തെരഞ്ഞടുപ്പ് നടത്തണമെന്നായിരുന്നു തിരുമാനം. പുതിയ ഭരവാഹികളെ തെരഞ്ഞടുത്ത കമ്മിറ്റി നിലവില്‍ വരുന്നത് വരെ പള്ളിയുടെ മുഴുവന്‍ ചുമതലയും മുതവല്ലിക്കായിരിക്കും. എന്നാല്‍ മുതവല്ലി തിരുവത്രയിലെത്തി ചുമതലയേറ്റെടുത്തയുടനെ മറുവിഭാഗം കോടതിയെ സമീപിച്ചു. വീണ്ടും തർക്കവും വിതർക്കവും ആരംഭിച്ചു.
നാട്ടിലെ പ്രമുഖര്‍ ഇടപെട്ടു ഇരുവിഭാഗത്തെയും രമ്യതയിലെത്തിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. മഹല്ല് ഐക്യത്തിനായി പുതുതലമുറ വാട്സ്അപ് ഗ്രൂപ്പുകള്‍ തുടങ്ങുകയും ഐക്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പലപ്പോഴും ഇരു വിഭാഗവും രമ്യതയിലും ഐക്യത്തിലും എത്തുമെന്നുള്ള പ്രതീക്ഷ വാട്സ്ആപ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നല്‍കിയിരുന്നെങ്കിലും വീണ്ടും പരസ്പര വെല്ലുവിളികളും പോരും തുടരുകയാണ് ഉണ്ടായത്. ഗ്രൂപ്പുകളില്‍ സജീവ സാനിധ്യമായിരുന്ന സാദലി, മഹല്ല് ഭരണത്തിലെ പോരും തർക്കവും സഹിക്കാതെയാണ് മഹല്ലിൽ ഐക്യവേണമെന്ന് അഭ്യർത്ഥിച്ച് നിരാഹാരം ഇരിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
പതിനഞ്ചു ദിവസത്തെ അവധിയെടുത്താണ് സാദലി നാട്ടിലെത്തി സമരപ്പന്തല്‍ കെട്ടിയത്. തന്റെ വിദേശത്തെ ജോലി നഷ്ടപ്പെട്ടാലും ഫലം കാണാതെ സരത്തില്‍ നിന്നും പിന്തിരിയില്ലെന്ന് സാദലി ചാവക്കാട് ഓണ്‍ലൈനോട് വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതാമോ സ്വാര്‍ത്ഥ താല്‍പര്യമോ തനിക്കില്ലെന്നും സാദലി പറഞ്ഞു.
മഹല്ലിലെ ഇരു കമ്മിറ്റികൾക്കും നേതൃത്വം നൽകുന്ന ഭാരവാഹികളൊഴികെ നാട്ടുകാരെല്ലാവരും തെരഞ്ഞെടുപ്പ് നടത്താൻ താൽപര്യമുള്ളവരാണെന്നും തനിക്ക് പിന്തുണ അർപ്പിക്കുന്നുവെന്നും സാദലി വ്യക്തമാക്കി. വിവിധ രാഷ്ട്രീയ സംഘനാ നേതാക്കളായ കെ.വി. ഷാനവാസ്, കെ.എച്ച്. ഷാഹു, എം.ആർ. രാധാകൃഷ്ണൻ, ടി.എ. ഹാരിസ്, കരുമ്പി അസൈനാർകുട്ടി ഹാജി, മനയത്ത് യുസഫ് ഹാജി, ചാലിൽ ഹംസ ഹാജി, ടി.എം. അബ്ദുൽ സലാം ഹാജി, എ.എം. അക്ബർ, കെ എം സി സി നേതാക്കളായ കെ കെ മുഹമ്മദ്‌, നവാസ് തിരുവത്ര, എം എസ് എസ് നേതാക്കള്‍ തുടങ്ങിയവർ സമരപ്പന്തലിലെത്തി സാദലിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

സാദലിയുടെ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരുവത്ര മഹല്ല് നിവാസികള്‍ നാളെ രാവിലെ പത്തുമണി മുതല്‍ സമരപ്പന്തലിന് സമീപം കുത്തിയിരിപ്പ് സമരം നടത്തും.