അനധികൃത മത്സ്യബന്ധനം – ബോട്ടുകൾ പിടിച്ചെടുത്തു

കടപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് കടലിൽ തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കമ്പനിക്കടവ് ഫിഷ് ലാൻ്റിങ്ങ് സെൻ്റ്റിന് തൊട്ട് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരയോടുചേർന്ന് (കരവലി) മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടിച്ചത്. എറണാകുളം ജില്ലയിൽ മുനമ്പം സ്വദേശി ശശി എന്ന മോഹൻലാൽ എന്നയാളുടെയും എറണാകുളം ജില്ലയിൽ കുഞ്ഞിത്തൈ വലിയാറ വീട്ടിൽ ചാർളി മെൻഡസ് എന്നയാളുടെയും ഉടമസ്ഥതയിലുള്ള ട്രൈടൺ, എലോഹികാ എന്നീ പേരുകളിലുള്ള ബോട്ടുകളാണ് ഫിഷറീസ് മറെറൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചത്.

ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനയ്ക്കക്കടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത് തുക 342500/- സർക്കാരിലേക്ക് കണ്ടുകെട്ടി. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി സീമ അ ഡ്ജുഡീക്കേഷൻ നടപടികൾ പൂർത്തിയാക്കി ട്രൈട്രോൺ ബോട്ട് 250000/- ലക്ഷം രൂപയും എലോഹികാ ബോട്ട് 500000/- ലക്ഷം രൂപയും പിഴ ഒടുക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനും കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത് . എലോഹികാ ബോട്ട് കരവലി നടത്തിയതിന് രണ്ടാം തവണയാണ് പിടി വീഴുന്നുന്നത്.
തീർത്തോട് ചേർന്ന് ഇത്തരത്തിൽ വ്യാപകമായി അനധികൃത മീൻപിടിത്തം നടക്കുന്നുണ്ടെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. മറ്റ് ജില്ലകളിൽനിന്നെത്തുന്ന യാനങ്ങളാണ് കൂടുതലായി ഇത്തരത്തിൽ അനധികൃത മീൻപിടിത്തം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യതൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ. പി. ഗ്രേസ്സി, എഫ്. ഇ. ഒ. അശ്വിൻ രാജ്, മെക്കാനിക്ക് മാരായ കൃഷ്ണകുമാർ, മനോജ്, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലിജൻസി വിഭാഗം ഓഫീസർമാരായ വി. എൻ. പ്രശാന്ത്കുമാർ, വി.എം ഷൈബു, ഷിനിൽകുമാർ ഇ ആർ, റെസ്‌ക്യൂ ഗാർഡ് വർഗ്ഗീസ് ജിഫിൻ, വിബിൻ, യാദവ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിൻ്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ സി. സീമ അറിയിച്ചു.

Comments are closed.