ചാവക്കാട് :  നഗരസഭയിലെ ഒരുകൂട്ടം വനിതകളുടെ കൈക്കരുത്തിൽ ഉയരുന്നത് 26 വീടുകൾ. വീടിന്റെ തറ മുതൽ മേൽക്കൂര വാർപ്പുവരെയുള്ള എല്ലാ പ്രധാന നിർമാണജോലികളും വനിതകളാണ് ചെയ്യുന്നത്.  എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന പി.എം.എ.വൈ. – ലൈഫ് പദ്ധതിയുടെ ഭാഗമായാണ് വനിതകൾ വീടുകൾ നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സർക്കാരിൽനിന്നുള്ള തുക ലഭിച്ചാലും വീടുനിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാമ്പത്തികപ്രയാസമുള്ള 26 കുടുംബങ്ങൾക്കാണ് നഗരസഭയുടെ നേതൃത്വത്തിൽ വനിതാ തൊഴിലാളികൾ വീട് നിർമിച്ചുനൽകുന്നത്. ഇതിനായി രൂപവത്കരിച്ച വനിതകളുടെ ഗൃഹശ്രീ കൂട്ടായ്മ നഗരസഭയിൽ വീടുകളുടെ നിർമാണം നടത്തിവരികയാണ്. 11 പേരടങ്ങുന്ന രണ്ട് ഗൃഹശ്രീ യൂണിറ്റുകളാണ് ഇതിനായി നഗരസഭയിലുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാവക്കാട് നഗരസഭയാണ് ഈ തൊഴിലാളികൾക്കുള്ള ദിവസക്കൂലി നൽകുന്നത്. 270 രൂപയാണ് ഒരാൾക്ക് കൂലി ലഭിക്കുക. 53 ദിവസമാണ് ഒരുവീടിനുള്ള നിർമാണസമയം. മണത്തല ചാപ്പറമ്പ് ചെറുപ്രാപ്പൻ ഷീലയുടെ വീടിന്റെ മേൽക്കൂരയുടെ വാർപ്പിനുള്ള തട്ടടിക്കുന്ന ജോലിയാണ് ഇവരിപ്പോൾ ചെയ്യുന്നത്. പാലയൂർ സ്വദേശി ടി കെ ഷാനിയാണ് ഗൃഹശ്രീ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.