mehandi banner desktop
Chavakkad online

കെ.എസ്. ശ്രുതിക്ക് വേണു നാഗവള്ളി സ്മാരക കലാ സപര്യ അവാർഡ്

Ft

ചാവക്കാട് : മികച്ച കവിയത്രിയും സാമൂഹ്യ പ്രവർത്തകയുമായ കെ.എസ്. ശ്രുതിക്ക് ചലച്ചിത്ര കൂട്ടായ്‌മയുടെ 2026ലെ വേണു നാഗവള്ളി സ്മാരക പുരസ്‌കാരം ലഭിച്ചു. സാമൂഹ്യ സേവന രംഗത്തെയും സാഹിത്യത്തിലെയും സമഗ്ര സംഭാവനകൾ മാനിച്ചാണ് ഈ അംഗീകാരം.

Jan oushadi

തൃശ്ശൂർ ചാവക്കാട് സ്വദേശിയായ ശ്രുതി, മാധ്യമപ്രവർത്തക, ജേർണലിസം അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ സജീവമാണ്. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, നിലവിൽ ശ്രീ വിവേകാനന്ദ കോളേജിൽ ജേർണലിസം അസിസ്റ്റന്റ് പ്രൊഫസറാണ്. കേരള കലാമണ്ഡലം സർവകലാശാലയിൽ ആർട്ട് ജേർണലിസത്തിൽ പി.എച്ച്.ഡി ഗവേഷണം ചെയ്തുവരുന്നു.

സാഹിത്യത്തോടൊപ്പം സന്നദ്ധ പ്രവർത്തനങ്ങളിലും മുൻനിരയിലുള്ള വ്യക്തിയാണ് കെ.എസ്. ശ്രുതി. കോവിഡ് കാലത്തെ സേവനങ്ങൾ, ബ്രഹ്മപുരം തീപ്പിടുത്തം, വയനാട് ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തമുഖങ്ങളിൽ കേരള സിവിൽ ഡിഫൻസ് ദുരന്തരക്ഷ സേനയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

‘സംസ്കാരം’ പദ്ധതി ഉപസമിതി അംഗം, ‘സമത്വ സമാജം’ എക്സിക്യൂട്ടീവ് അംഗം, ‘അയനം’ സാംസ്‌കാരിക വേദി ജോയിന്റ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കേരള സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവത്തിൽ ITFoK മീഡിയ കോർഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിഴൽ ചായങ്ങൾ, ഓൺ എയർ, നാൽവഴികൾ, തനിച്ചായവളുടെ വേദപുസ്തകം എന്നിവയാണ് പ്രധാന കൃതികൾ. കേരള ഫയർ ആൻഡ് റസ്ക്യുവിന്റെ സദ് സേവാ മെഡൽ, സഹകരണ ജീവകാരുണ്യ സമിതിയുടെ പ്രതിഭാ പുരസ്കാരം, യുഎഇ മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ അംഗീകാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്.

Comments are closed.