ചാവക്കാട്: ദേശീയപാത വരുന്നതിനെ എതിര്‍ത്ത് ഇന്ന് കല്ലെറിയുന്നവര്‍ 10 വര്‍ഷം കഴിഞ്ഞ് ആറുവരിപ്പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഇന്ന് ഭരിക്കുന്നവരെ മനസിലെങ്കിലും കൈകൂപ്പി തൊഴുമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ ഭാവി തലമുറയെ കുറിച്ചുകൂടി ചിന്തിക്കണം. കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പില്‍ പണികഴിപ്പിച്ച വാതക ശ്മശാനം ”സ്മൃതി തീരം” നാടിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതക്കെതിരെ സമരം ചെയ്യുന്നവരെ പരോക്ഷമായി വിമര്‍ശിക്കുന്നതായി മന്ത്രിയുടെ പരാമര്‍ശം. ചെറിയ നഷ്ടങ്ങളില്ലാതെ നേട്ടങ്ങളുണ്ടാവില്ലെന്ന് ഇന്ന് സമരം ചെയ്യുന്നവര്‍ തിരിച്ചറിയണം. നാടിന്റെ വിപത്തായ പ്ലാസ്റ്റിക്കിനെ സംസ്‌ക്കരിക്കുന്നതിനുള്ള ഷ്രെഡിങ് യൂണിറ്റുകളെ പോലും എതിര്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. ആറ് മാസം കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ എവിടെയും പ്ലാസ്റ്റിക് മാലിന്യം കാണാനാവില്ല. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. റോഡുകളും പാലങ്ങളും മാത്രമല്ല ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്കു പരിഹാരമായ പദ്ധതികളിലേക്കും ജനങ്ങളുടെ ശ്രദ്ധ തിരിയണം. മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. മന്ത്രി പറഞ്ഞു.
കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.അധ്യക്ഷനായി. കടപ്പുറം പഞ്ചായത്തിന് ലോകബാങ്ക് സഹായമായി ലഭിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് വാതക ശ്മശാനം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, സി.മുസ്താക്കലി, കെ.ഡി.വീരമണി, ഷംസിയ തൗഫീഖ്, വി.എം.മനാഫ്, പി.വി.ഉമ്മര്‍കുഞ്ഞി, ഡോ.വി.പി.സുകുമാരന്‍, എം.കെ.ഷണ്‍മുഖന്‍, കെ.എ.ജയതിലകന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.