ചാവക്കാട്: നഗരസഭയില്‍ 13, 14, 15, 16 തിയതികളിലായി നടക്കുന്ന കേരളോത്സവത്തിനു സംഘാടക സമിതി രൂപീകരിച്ചു. ചാവക്കാട് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും പ്രതിനിധികള്‍, കൌണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘാടക സമിതിയില്‍ തൃശൂര്‍ എം പി ജയദേവന്‍, ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ എന്നിവര്‍ രക്ഷാധികരികളായിരിക്കും.
യോഗം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം അമിതി അധ്യക്ഷന്‍ എ സി ആനന്ദന്‍ നന്ദിയും പറഞ്ഞു.
16നും 40നും ഇടയ്ക്ക് പ്രായമുള്ള നഗരസഭാ പരിധിയില്‍ സ്ഥിരം താമസക്കാരായവര്‍ക്ക് കേരള യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ നടക്കുന്ന കേരളോത്സവത്തിലെ കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാം. നവംബര്‍ പതിനൊന്നാം തിയതി അഞ്ചു മണിവരെ മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും.
കലാ വിഭാഗം കണ്‍വീനറായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ കെ രമേശ് കുമാറിനെയും, കായിക വിഭാഗം കണ്‍വീനറായി എം ആര്‍ ആര്‍ എം സ്കൂള്‍ അദ്ധ്യാപകന്‍ ഷാജിയെയും തീരുമാനിച്ചു.
കേരളോത്സവം ഉദ്ഘാടനം 13 ഞായറാഴ്ച്ച രാവിലെ 8.30നു രാജാ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കും.
വോളിബാള്‍, കായിക മത്സരങ്ങള്‍ 14, 15 തിയതികളിലായി പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്നിക്കല്‍ സ്കൂളിലും ഷട്ടില്‍ ബാഡ്മിന്ടന്‍ മമ്മിയൂര്‍ മെട്രോ ലിങ്ക്സ് ക്ലബ്ബിലും വെച്ച് നടക്കും. കലാ, രചനാ മത്സരങ്ങള്‍ 16 നു ചാവക്കാട് നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ അരങ്ങേറും. വിജയികള്‍ക്കുള്ള സമ്മാന വിതരണം പിന്നീട് നടത്തും,