ചാവക്കാട്: എടക്കഴിയൂരില്‍ വട്ടിപ്പലിശക്കാരൻറെ വീട് കയറി ആക്രമണത്തിൽ വയോധികയായ മാതാവിനും മകനും പരിക്ക്.
എടക്കഴിയൂര്‍ തെക്കേമദ്രസ്സ കുന്നത്ത് ഫാത്തിമുത്തു(62), മകന്‍ ജബാര്‍(34) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇരുവരേയും ചാവക്കാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ചാവക്കാട് മേഖലയിലെ പ്രധാന വട്ടിപലിശക്കാരിലൊരാളായ തിരുവത്ര പുതിയറ സ്വദേശിയാണ് ഇവരെ ആക്രമിച്ചത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നോടെയാണ് ആക്രമണം. ആക്രമണത്തിൽ ജബ്ബാറിന്റെ ഇടതുകാലിന്റെ എല്ല് തകര്‍ന്നിട്ടുണ്ട്. ഫാത്തിമുത്തുവിന് പുറത്തും കവിളത്തുമാണ് മര്‍ദ്ദനമേറ്റത്.
മുതുവട്ടരില്‍ ഹോട്ടല്‍ ജിവനക്കാരനായ ജബ്ബാര്‍ വട്ടിപ്പലിശക്കാരനായ യുവാവിൽനിന്ന് 25000 രൂപ കടമെടുത്തിരുന്നു. ദിവസംതോറും അടച്ചു തീര്‍ക്കാമെന്ന വ്യവസ്ഥയിലായിരുന്നു കടം വാങ്ങിയത്. അസുഖമായതിനെ തുടര്‍ന്ന് ആദ്യം ഏതാനും ആഴ്ച്ചകള്‍ വീഴ്ച്ച വരുത്തിയിരുന്നുവെങ്കിലും രണ്ടുമാസമായി മുതുവട്ടൂരിലെ ഹോട്ടലിലെത്തിയാണ് യുവാവ് പണം പിരിച്ചിരുന്നത്. കഴിഞ്ഞ ദിവസം 45000 രൂപ തനിക്ക് ഇനി തരാനുണ്ടെന്നും ഇത് മുഴുവന്‍ ഒരുമിച്ച് തരണമെന്നും ആവശ്യപ്പെട്ടെത്തി. വെള്ളിയാഴ്ച്ച പണം ആവശ്യപ്പെട്ട് എത്തിയയപ്പോൾ താന്‍ കുറെ പണം നല്‍കിയെന്നും ഇനി ഇത്രയും വലിയ സംഖ്യ തരാനില്ലെന്നും ജബാര്‍ അറിയിച്ചു. ഇതോടെയാണ് ക്ഷുഭിതനായ യുവാവ് നിന്നെ വീട്ടില്‍ പൊറുപ്പിക്കെല്ലെന്നും വെല്ലുവിളിച്ച് പോയത്. ഇതിന് ശേഷം രാത്രി പതിനൊന്നിന് ജബ്ബാറിന്റെ വീട്ടിലെത്തിയാണ് യുവാവ് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ഉമ്മ ഫാത്തിമുത്തുവനെ പലിശക്കാരനായ യുവാവ് അടിച്ചു നിലത്തിട്ടു. ചാവക്കാട് പൊലിസ് കേസെടുത്തു.