ഗുരുവായൂര്‍ : കേരളത്തെ അപമാനിച്ച നരേന്ദ്രമോഡിയും നാടിനെ മുടിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഒരുപോലെ കേരളജനതയുടെ ശത്രുക്കളാണെന്ന് അഖിലേന്ത്യമഹിള അസോസിയേഷന്‍ ദേശീയ പ്രസിഡന്റും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ സുധാ സുന്ദരരാമന്‍ പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുള്‍ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച കോട്ടപ്പടി മേഖലാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന്റെ മഹത്വം മനസ്സിലാക്കാതെ കേരളത്തെ ആക്ഷേപിക്കുമ്പോള്‍, മോഡി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലേയും അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുന്ന മറ്റിടങ്ങളിലേയും ജനജീവിതവും സാഹചര്യങ്ങളും എന്താണെന്ന് മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റുകാരായ ഇ.എം.എസും, നായനാരും, വി എസ്സുമെല്ലാം ഭരിച്ച കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാനും മതേതരത്വം വളര്‍ത്താനും കഴിഞ്ഞു. മതേതരത്വം സഹജീവി സ്‌നേഹവും തകര്‍ക്കുന്ന ആര്‍.എസ്.സ്സുകാര്‍ കേരളത്തില്‍ പച്ചപിടിക്കാത്തതും അതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. ചീനപ്പുള്ളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ ബൂത്തുകളില്‍ നിന്നും വന്ന റാലികളില്‍ വാദ്യമേളങ്ങളും, കാവടി, നാടന്‍കലാരൂപങ്ങളും അണിനിരന്നു. സ്ഥാനാര്‍ത്ഥി കെ.വി അബ്ദുള്‍ ഖാദര്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍ ബാലന്‍, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, ടി.ടി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.