ചാവക്കാട്: നവമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ചിന്ത ഉണ്ടാക്കാത്ത കാഴ്ചകള്‍ മാത്രം നല്‍കുമ്പോള്‍ വിപണിയുടെ തന്ത്രങ്ങളില്‍ നാമറിയാതെ വീണുപോകുകയാണെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ പറഞ്ഞു. കാഴ്ചയുടെ ഈ പ്രളയത്തില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടുന്നവരായി മാറരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുത്തന്‍കടപ്പുറം തീരദേശ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചിന്ത നല്‍കാത്ത കാഴ്ചകള്‍ മനുഷ്യനെ വിഡ്ഢിയാക്കാന്‍ മാത്രമേ സഹായിക്കൂ. ചിന്ത ഉണര്‍ത്തണമെങ്കില്‍ വായന വേണം -വൈശാഖന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി തീരദേശ വികസന കോര്‍പ്പറേഷനാണ് വായനശാല നിര്‍മിച്ചത്.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. ആനന്ദന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, കെ.എച്ച്. സലാം, പി.എം. നാസര്‍, സീനത്ത് കോയ, കെ.ജി. രാമദാസ്, ഷീജ പ്രശാന്ത്, അംബിക തുടങ്ങിയവര്‍ പ്രസംഗിച്ചു.