Header

നല്ലവനായ സ്വാലിഹ്

ഗുരുവായൂര്‍ : സ്വാലിഹ് എന്നാല്‍ നല്ലവന്‍ ഈ നാമം അന്വര്‍ത്ഥമാക്കുകയാണ് ഗുരുവായൂര്‍ സ്വദേശി പുളിച്ചാറം വീട്ടില്‍ സലീമിന്റെ മകന്‍ സ്വാലിഹ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് സാലിഹിന്റെ മേഖല. പാറന്നൂര്‍ ചിറയില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയുള്‍പ്പെടെ 3 പേരെ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തിയപ്പോഴും ഇതെല്ലാം നിസാര കാര്യമെന്ന മട്ടിലാണ് ഈ പതിനെട്ടുകാരന്റെ പെരുമാറ്റം. കണ്‍മുന്നിലെ അപകടം കണ്ട് തിരിഞ്ഞ് നടക്കുന്നവര്‍ക്കും രംഗം മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് സാലിഹിന്റേത്. അപകടമെന്ന് കേട്ടാല്‍ സാലിഹിന് പിന്നെ വെറുതെയിരിക്കാനാവില്ല. ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങും. അതുകൊണ്ട് തന്നെ നാട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണിയാണ് സാലിഹ്. ഈ മനോഭാവമായിരിക്കാം സാലിഹിനെ ആക്ട്‌സ് പ്രസ്ഥാനവുമായി അടുപ്പിച്ചത്. രണ്ടുവര്‍ഷത്തിനിടയിലെ ആക്ടസിലെ സേവനപ്രവര്‍ത്തനത്തിടയില്‍ ആയിരത്തിലധികം പേരുടെ ജീവന് കൈ താങ്ങാകാന്‍ സാലിഹിന് കഴിഞ്ഞു. കേച്ചേരി പാറന്നൂര്‍ ചിറയില്‍ വീണ 3 പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നാതാണ് സാലിഹ് നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിലെ ഒടുവിലത്തെ സംഭവം. ഒരു പക്ഷെ ഈ റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴും സാലിഹ് രക്ഷാപ്രവര്‍ത്തനത്തിലായിരിക്കാം. ചിറനെല്ലൂരില്‍ ഒരു ചടങ്ങിനെത്തിയ സംഘമാണ് ഞായറാഴ്ച വൈകീട്ട് അപകടത്തില്‍ പെട്ടത്. കുളക്കടവില്‍ കാല്‍കഴുകാനിറങ്ങിയ വിദ്യാര്‍ത്ഥിയാണ് ആദ്യം ഒഴുക്കില്‍പെട്ടത്. കുട്ടിയെ രക്ഷിക്കാനായി അമ്മയും പിറകെ സഹോദരിയും വെള്ളത്തിലേക്കിറങ്ങി. ഷട്ടര്‍ ഭാഗികമായി തുറന്നിരുന്നതിനാല്‍ ഇരുവര്‍ക്കും ചിറയിലെ ശക്തമായ ഒഴുക്കില്‍ കാലിടറി. കാറ്റിറിംഗ് ജോലികഴിഞ്ഞ് തിരികെ വരുമ്പോഴാണ് ചിറയില്‍ മൂന്ന് പേര്‍ മുങ്ങിതാഴുന്നത് സാലിഹ് കാണുന്നത്. ഉടനെ സാലിഹിന്റെയുള്ളിലെ രക്ഷകന്‍ ഉണര്‍ന്നു. ചിറയിലേക്കെടുത്തുചാടി സ്ത്രീകളിലൊരുവളുടെ സാരിയില്‍ പിടിച്ച് വലിച്ച് മൂവരേയും കരക്കെത്തിച്ചു. ഷട്ടറുകള്‍ പൂര്‍ണ്ണമായി തുറക്കാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായതായി സാലിഹ് പറഞ്ഞു.
ആക്ട്‌സ് എന്ന പ്രസ്ഥാനം സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന ജീവകാരുണ്യ സംസ്‌കാരം നെഞ്ചേറ്റാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ നിര്‍ണ്ണായക ഘട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് അവരെ രക്ഷിക്കാന്‍ സാധിച്ചതെന്നും സാലിഹ് പറയുന്നു. 3 പേരുടെ ജീവന്‍ രക്ഷിച്ച് നാടിന്റെ അഭിമാനമായി തീര്‍ന്നതോടെ അഭിനന്ദന പൂച്ചെണ്ടുകള്‍ നേരിട്ടും നവമാധ്യമങ്ങളിലൂടെയും വന്നുചേരുമ്പോഴും സാലിഹിനുള്ളത് നിസംഗ ഭാവം മാത്രം. സഹജീവികളെ രക്ഷിക്കുന്നത് ഓരോ പൗരന്റെയും കടമായാണെന്നും അതിന് അഭിനന്ദനത്തിന്റെ ആവശ്യമില്ലെന്നും ഈ മിടുക്കന്‍ പറയുന്നു. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് തന്റെ മാമനാണ് തനിക്ക് പ്രചോദനമെന്നും സാലിഹ് പറയുന്നു. ഡ്രൈവറായ മാമന്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കമ്പോഴുള്ള അനുഭവം സാലിഹുമായി പങ്ക് വെക്കാറുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചാലും അധികൃതര്‍ തിരിഞ്ഞ് നോക്കാത്ത സംഭവങ്ങള്‍ സാലിഹിനെ വേദനിപ്പിക്കാറുണ്ട്. അതു കൊണ്ടു തന്നെ പലപ്പോഴും ആക്ടിസ് കൊണ്ടു പോകുന്നവര്‍ക്ക് പലപ്പോഴും സാലിഹ് കൂട്ടിരിക്കാറുണ്ട്. പണമില്ലാതെ വിഷമിക്കുന്നവര്‍ക്ക് സ്വന്തം ചിലവില്‍ മരുന്ന് വാങ്ങി നല്‍കാനും ഈ കൊച്ചു മിടുക്കന് പലവട്ടം ചിന്തിക്കേണ്ടി വരാറില്ല.

Comments are closed.