ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തും വീടില്ലാത്ത രണ്ടു സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കിയും മണത്തല സ്‌ക്കൂളിലെ 90 – 91 വര്‍ഷ പത്താംക്‌ളാസ് ബാച്ചിലെ കൂട്ടായ്മ. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നു പേരിട്ട കുട്ടായ്മയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മണത്തല സ്‌ക്കൂളില്‍ നടത്തുമെന്ന് ഭാരവാഹികളായ  കെ എം ഷിഹാബ്, എ എസ് അഷറഫ്, ഉണ്ണി കരുമത്തില്‍, ടി എസ് രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണത്തല സ്‌കൂളിലെ എട്ടാക്‌ളാസിലെ പത്ത് വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ വിതരണം ചെയ്യുന്നത്. സ്‌കൂളിലെ പത്താം ക്‌ളാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കും. വീടില്ലാത്ത സഹപാഠികള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനവും അന്ന് നടത്തും. ഒരുവര്‍ഷത്തിനുള്ളില്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കും. പഴയകാല അധ്യാപകരെ ആദരിക്കും,  മണത്തല സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ എ സി ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വവിദ്യാര്‍ഥികളുടെ കലാപരിപാടികളും സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള ഇഷല്‍ തേന്‍മഴ എന്ന ഗാനമേളയും ഉണ്ടാകും. 90-91 ബാച്ചിലെ ഇപ്പോള്‍ ഡോക്ടര്‍മാരും, പോലീസ് ഉദ്യോഗസ്ഥരും, അധ്യാപകരും, മറ്റു തൊഴിലുകളിലേര്‍പ്പെട്ടവരുമായ നിരവധി പേര്‍ സംഗമത്തില്‍ കുടുംബസമേതം പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.  ഡോ. റിയാസ് മണത്തല, സൈനുദീന്‍ തിരുവത്ര, റഷീദ് തുടങ്ങിയവര്‍ ഉപ ഭാരവാഹികളായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ഭാരവാഹികള്‍ അറിയ്വച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  98952 39296 ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.