ചാവക്കാട്: ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ കണ്ടെത്തി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് കസ്റ്റഡിയിൽ.
തിരുവത്ര പുതിയറ സ്വദേശിയായ യുവാവിനെയാണ് ചാവക്കാട് പൊലീസ് തന്ത്രത്തിൽ പിടികൂടിയത്. രണ്ട് ദിവസം മുമ്പാണ് ചാവക്കാട് തീരമേഖലയിലെ പട്ടിക ജാതിക്കാരിയുൾപ്പടെ രണ്ട് പെൺകുട്ടികളെ കാണാതായതായി രക്ഷിതാക്കൾ ചാവക്കാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം തിരുവത്ര പുതിയറയിലെ യുവാവിലെത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. ബംഗളൂരിലായിരുന്ന ഇയാളെ നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. യുവതികളെ തൃശൂർ മെഡിക്കൽ കോളജിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലായ യുവാവ് ഇത്തരത്തിൽ പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാണെന്നാണ് സൂചന. പൊലീസ് ചോദ്യം ചെയ്തുവരുന്നു. ചാവക്കാട് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് വാട്സ് ആപ്പിലൂടെയും മറ്റുമാണ് യുവതികളെ ബന്ധപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.