അമൽ ഇംഗ്ലീഷ് സ്കൂളിൽ ഓണം കളറാവും; ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

ചമ്മന്നൂർ: ഇത്തവണത്തെ ഓണാഘോഷങ്ങൾ കളറാക്കാൻ സ്വന്തം കാമ്പസിൽ വിളയിച്ച പൂക്കളുമായി അമൽ ഇംഗ്ലീഷ് സ്കൂളിലെ കുട്ടി കർഷകർ. സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവപ്രതീതിയോടെ നടന്നു. സ്കൂൾ മുറ്റത്തെ തരിശുഭൂമിയെ പൂർണ്ണമായും ജൈവരീതിയിലൂടെ വർണ്ണപ്പകിട്ടാർന്ന പൂന്തോട്ടമാക്കിയാണ് വിദ്യാർത്ഥികൾ ശ്രദ്ധേയരായത്.
വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ നിർവ്വഹിച്ചു. പുതിയ തലമുറയിൽ കാർഷിക സംസ്കാരവും പ്രകൃതിസ്നേഹവും വളർത്താൻ ഇത്തരം കൂട്ടായ്മകൾ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വൈസ് ചെയർമാൻ ഹനീഫ് കെ.വി, ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത്, അഡ്മിനിസ്ട്രേറ്റർ ഡോ. ഹരിദയാൽ എന്നിവർ പങ്കെടുത്തു. ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ സിമി ടീച്ചർ, ക്ലബ്ബ് ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി. വിളവെടുത്ത പൂക്കൾ സ്കൂളിലെ ഓണാഘോഷത്തിന് പൂക്കളമൊരുക്കാൻ ഉപയോഗിക്കും.




Comments are closed.