ചാവക്കാട്: താടി വെച്ചവരെല്ലാം തീവ്രവാദികളാണെന്ന കാര്യത്തിൽ ഒരേ നിലപാടാണ് മോദിക്കും പിണറായിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. പടയൊരുക്കത്തിന് ചാവക്കാട് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിൻറെ നിലപാട് ആത്മഹത്യാപരമാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രസംഗങ്ങളിൽ പറയുന്ന പിണറായിആർ.എസ്.എസിനേയും ബി.ജെ.പിയേയും താലോലിക്കുന്നത് കണ്ട് മതേതര വിശ്വാസികളുടെ തല കുനിയുകയാണ്.പറവൂരിൽ മുജാഹിദുകാരനെ ആക്രമിച്ച ആർ.എസ്.എസുകാർക്കെതിരെ കേസെടുത്തില്ല. മുജാഹിദുകാരൻറെ പേരിൽ കേസെടുത്തു.ഗയിൽ സമരത്തെ നിങ്ങൾ കണ്ടത് ഏവാം നൂറ്റാണ്ടിലെ പ്രാകൃത നടപടിയായിട്ടാണ്. ഏഴാം നൂറ്റാണ്ടിലെ പ്രത്യേക എല്ലാർക്കുമറിയാം. പ്രവാചകൻറെ പ്രവർത്തനത്താൽ ഈ ലോകം മുഴുവൻ വെളിച്ചം വീശിയ ഒരു കാലഘട്ടത്തെ പറ്റിയാണ് പ്രാകൃത സംസ്കാരമെന്ന് പറഞ്ഞ് പ്രവാചക നിന്ദ നടത്താൻ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് എങ്ങനെ തോന്നിയെന്ന് ചെന്നിത്തല ചോദിച്ചു. ഗയിൽ സമരത്തിൽ പങ്കെടുത്തവരിൽ താടി വളർത്തിയ ചെറുക്കാർ തീവ്രവാദികളെന്ന് പറഞ്ഞ് ജയിലിലടച്ചത് ഈ സർക്കാറാണ്. ശശികല ടീച്ചറും സുരേന്ദ്രനും കുമ്മനവും പ്രസംഗിച്ചാൽ കേസില്ല, മുസ്ലിം മതപണ്ഡിതന്മാർ എവിടെയെങ്കിലും പ്രസംഗിച്ചാൽ അവരുടെ പേരിൽ യു.എ.പി.എ. ഇതെന്തു ന്യായമാണ്. ദേശീയ തലത്തിൽ നരേന്ദ്ര മോദി പീഢിപ്പിക്കുന്നതു പോലെ തന്നെ കേരളത്തിലെ ഇടത് പക്ഷ സർക്കാറും മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കാഴ്ച്ചയാണ് സംസ്ഥാനത്തുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ചാവക്കാട് നഗരസഭാ ചത്വരത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗം കെ.പി.സി.സി പ്രസഡൻറ് എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് സി.എച്ച് റഷീദ് അധ്യക്ഷത വഹിച്ചു.പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി സതീശൻ എം.എൽ.എ, വിവിധ കക്ഷി നേതാക്കളായ ഷാനിമോൾ ഉസ്മാൻ, അഡ്വ.രാം മോഹൻ, ജോണി നെല്ലൂർ, പത്മജ വേണുഗോപാൽ, സി.എൻ ബാലകൃഷ്ണൻ, ഒ അബ്ദുറഹ്മാൻ കുട്ടി, ടി.എൻ പ്രതാപൻ, ജോസഫ് ചാലിശേരി, കെ.ആർ ഗിരിജൻ, ബെന്നി ബഹനാൻ, ജോസ് വള്ളൂർ, കെ.എസ് ഹംസ, എം,വി ഹൈദരലി, കെ.ഡി വീരമണി, എ.എം അലാവുദ്ധീൻ, വി.കെ മുഹമ്മദ്, സി.എ ഗോപപ്രതാപൻ, കെ.വി ഷാനവാസ് തിരുവത്ര, രവികുമാർ തുടങ്ങിയവർ സംസാരിച്ചു.