അപ്പീലിൽ മുട്ടി അറബനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാടൂർ അലീമുൽ ഇസ്ലാം സ്കൂൾ

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ. കുന്നംകുളത്ത് കഴിഞ്ഞ ദിവസം സമാപിച്ച തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. മുല്ലശ്ശേരി ഉപ ജില്ലയിൽ നിന്ന് അപ്പീലിലൂടെയാണ് തൃശൂർ റവന്യൂ ജില്ലയിലേക്ക് മത്സരിക്കാൻ അർഹത നേടിയത്.

റവന്യൂ ജില്ലാ മത്സരത്തിൽ മാറ്റുരച്ച 9 ടീമുകളെ പിന്തള്ളി കൊണ്ടാണ് ഈ ചരിത്രനേട്ടം കൊയ്തെടുത്തത്. അനസ് രായംമരക്കാരാണ് ടീമിൻ്റെ പരിശീലകൻ. അബ്ദുൽ ഹാദി ക്യാപ്റ്റനായി പത്ത് അംഗങ്ങളാണ് ടീമിൽ ഉള്ളത്. കൃത്യമായ പരിശീലനവും. അവതരണത്തിലുള്ള പുതുമയും അക്ഷര സ്ഫുടതയോടെയുള്ള ബൈത്തുകളുമാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ടീമിനെ പ്രാപ്തമാക്കിയത് എന്ന് പരിശീലകൻ പറഞ്ഞു.
അലീമുൽ ഇസ്ലാം സ്കൂളിൽ നിന്ന് ഇതോടെ സംസ്ഥാന തലത്തിലേക്ക് 12 പേർ അർഹത നേടി. അറബനമുട്ട് കൂടാതെ മാപ്പിളപ്പാട്ട്, അറബി പദ്യം ചൊല്ലൽ എന്നിവയിലും തലസ്ഥാനത്ത് പാടൂർ അലീമുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തൃശ്ശൂർ ജില്ലക്ക് വേണ്ടി മത്സരിക്കും
ജില്ലാ കലോത്സവ വിജയികളെ പ്രിൻസിപ്പാൾ ഇൻ ചാർജ് പി എം സബൂറ, ഹെഡ് മിസ്ട്രസ് വിസി ബോസ്,
പി ടി എ പ്രസിഡണ്ട് ആർ എച്ച് ഹാരിസ്, മദർ പി ടി എ പ്രസിഡണ്ട് അസ്മാ ഷക്കീർ, സ്റ്റാഫ് സെക്രട്ടറി പി എം മുഹ്സിൻ, പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരായ എം എ ഷിഹാബ്, അബ്ദുൽ കലാം, ജിമ്മി ജെ തറയിൽ, ഒ എച്ച് ഹബി എന്നിവർ അഭിനന്ദിച്ചു.
ഫോട്ടോ : എച്ച് എസ് എസ് വിഭാഗം അറബന മുട്ടിൽ ഒന്നാം സ്ഥാനം നേടിയ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ടീം

Comments are closed.