mehandi new

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാള്‍ : കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി

fairy tale

ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന്റെ കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി . ഇന്നലെ വൈകീട്ട് പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പുറത്തേയ്ക്ക് എഴുന്നെള്ളിച്ചപ്പോള്‍ മാര്‍തോമാശ്‌ളീഹായുടെ അനുഗ്രഹം തേടി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ ആയിരങ്ങളുടെ കണ്ഠങ്ങളില്‍നിന്നും ‘ വിശുദ്ധ തോമാശ്‌ളീഹായെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ ‘ എന്ന പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉയര്‍ന്നു. ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്‌ളീഹ എ ഡി 52ല്‍ പാലയൂരിലെ തളിയകുളത്തില്‍ തര്‍പ്പണാത്ഭുതം നടത്തി ഭാരതത്തില്‍ ആദിമക്രൈസ്തവ സമൂഹ ത്തിനു രൂപം നല്‍കിയതിന്റെ ഓര്‍മ പുതുക്കുന്ന തിരുന്നാളില്‍ പൈത്യകം തേടി നിരവധിപേര്‍ പാലയൂരിലെത്താറുണ്ട്. കൂടുതുറക്കല്‍ ശുശ്രൂഷയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായി . ആഘോഷമായ ദിവ്യബലി, വേസ്പര, നൊവേന, തിരിപ്രദക്ഷിണം എന്നിവയും നടന്നു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത്, ഫാ സിന്റോ മാടവന എന്നിവര്‍ സഹകാര്‍മികരായി. രാത്രി അമ്പ് വള ശൂലം എഴുന്നള്ളിപ്പുകള്‍ സമാപനവും വര്‍ണമഴയും ഉണ്ടായി.
തിരുന്നാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി . 9.30 ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനാകും. മേരിമാതാ മേജര്‍ സെമിനാരി യിലെ പ്രഫസര്‍ ഫാ ഫ്രാന്‍സീസ് ആളൂര്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് തളിയകുളത്തില്‍ സമൂഹ മാമോദീസ, നാലിന് ദിവ്യബലി തുടര്‍ന്ന് ജൂദന്‍കുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഇടവക വൈദീകരായ ഫാ ഫ്രാന്‍സീസ് മുട്ടത്ത്, ഫാ ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാത്രി കലാപ്രകടനവും മെഗാബാന്റ് ഷോയും അരങ്ങേറും. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ തിരുന്നാള്‍ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.
വിശുദ്ധ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും വന്‍ ഭക്തജന തിരയ്ക്കായിരുന്നു . മാര്‍തോമ തീര്‍ത്ഥജലവും ‘തര്‍പ്പണം 2016’സ്മരണികയും വിശ്വാസികള്‍ക്ക് വിതരണം ചെയ്തു.
തീര്‍ഥകേന്ദ്രം ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, തോമസ് വാകയില്‍, ബേബി ഫ്രാന്‍സീസ്, പി വി ജോഷി, സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ഇ എം സാജന്‍, കണ്‍വീനര്‍മാരായ ഇ എം ബാബു, ജോസ് വടുക്കൂട്ട്, ബിജു ആന്റോ, സി ജി ജോയ്, ഇ എഫ് ആന്റണി, സി സി ചാര്‍ളി, ജോസ് പോള്‍ ചക്രമാക്കില്‍, സിസ്റ്റര്‍ ഉഷ മാര്‍ഗരറ്റ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.