ചാവക്കാട്: വര്‍ണ പൂക്കാവടികളും വാദ്യമേളങ്ങളും കരിവീരന്‍മാരും അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം കണ്ണിനും കാതിനും കുളിര്‍മയായി. ഉച്ചക്ക് ആരംഭിച്ച ക്ഷേത്രഭരണസംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തിലെത്തി. വടക്കുഭാഗം ഉത്സവാഘോഷ കമ്മറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്രകുടുംബക്ഷേത്രത്തില്‍ നിന്നും തെക്കുഭാഗം ഉത്സവാഘോഷ കമ്മറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പഞ്ചവടി സെന്ററിലെത്തി. തുടര്‍ന്ന് വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ 11 ആനകള്‍ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. മംഗലാംകുന്ന് അയ്യപ്പന്‍ ക്ഷേത്രഭരണ സംഘത്തിന് വേണ്ടി ഭഗവാന്റെ തിടമ്പേറ്റി.
പുലര്‍ച്ചെ ക്ഷേത്രാങ്കണത്തില്‍ എത്തുന്ന ഉത്സവാഘോഷ കമ്മറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമാകും.
ക്ഷേത്രഭരണസംഘം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍, സെക്രട്ടറി കോങ്കണ്ടത്ത് വിശ്വംഭരന്‍, ട്രഷറര്‍ വേഴമ്പറമ്പത്ത് രാജന്‍, ടി.എ.അര്‍ജുനന്‍ സ്വാമി എന്നിവരും തെക്ക്, വടക്ക് വിഭാഗം ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ ഉത്സവത്തിന് നേതൃത്വം നല്‍കി.