605 വോട്ടുകള്‍ നേടി നോട്ട ഏഴാം സ്ഥാനത്ത്

ചാവക്കാട് : ജനങ്ങളുടെ ഇച്ചാശക്തിയുടെ വിജയം, ധന ശക്തിയും പണക്കൊഴുപ്പും അപവാദ പ്രചരണങ്ങളുടെയും തോല്‍വിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ വി അബ്ദുള്‍ഖാദര്‍. ഗുരുവായൂരില്‍ ചരിത്ര വിജയം നല്‍കിയ ജനങ്ങള്‍ക്ക് കെ വി അബ്ദുല്‍ഖാദര്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
15098 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ഒന്‍പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. വോട്ട് എണ്ണിതുടങ്ങിയത് മുതല്‍ ആദ്യാവസാനം വരെയും അബ്ദുള്‍ഖാദര്‍ ലീഡ് നിലനിര്‍ത്തി. യു ഡി എഫ് കോട്ടകളിലെ വോട്ടുകളിലും കെ വി തന്നെ യായിരുന്നു മുന്നില്‍.

ഗുരുവായൂര്‍ മണ്ഡലത്തില്‍ പോള്‍ ചെയ്ത 147,650 വോട്ടുകളില്‍  66088 വോട്ടുകളാണ് എല്‍ ഡി എഫ് നേടിയത്. യു ഡിഎഫ് സ്ഥാനാര്‍ഥി പി എം സാദിഖലിക്ക് 50990 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂര്‍ നേടിയതിനേക്കാള്‍ 1288 വോട്ടുകള്‍ യു ഡി എഫിന് കുറഞ്ഞു. എല്‍ ഡി എഫ് 3842 വോട്ടുകള്‍ അധികം നേടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് നിലയില്‍ ഏറ്റവും അധികം മെച്ചമുണ്ടാക്കിയ പാര്‍ട്ടി എന്‍ ഡി എ യാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 16000 വോട്ടുകള്‍ അധികം നേടിയ ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. നിവേദിതക്ക് 25490 വോട്ടുകള്‍ ലഭിച്ചു.
ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വെല്‍ഫെയര്‍ പാര്‍ട്ടി 1382 വോട്ടുകള്‍ പിടിച്ചപ്പോള്‍, എസ് ഡി പി ഐ ക്ക് ആയിരത്തോളം വോട്ടുകള്‍ നഷ്ടമായി. കഴിഞ്ഞ തവണ 2250 ഓളം വോട്ടുകള്‍ ലഭിച്ചിടത്ത് 1406 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പിഡിപി 915, എസ് യു സി ഐ 314, അബ്ദുള്‍ഖാദറിന്റെ അപരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അബ്ദുള്‍ഖാദര്‍ കുമ്പിളവളപ്പില്‍ 256 വോട്ടുകള്‍ നേടി. ഡി എച്ച് ആര്‍ എം ബാനറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശശി അഞ്ഞൂര്‍ 204 വോട്ടുകളും നേടി . നോട്ടക്ക് മണ്ഡലത്തില്‍ നിന്നും 605 ലഭിച്ചു.