ചാവക്കാട്‌: പൊതുമരാമത്ത് വകുപ്പിനെ നാണം കെടുത്തും വിധം ബൈപാസ്‌ റോഡിലെ കുഴിയടക്കൽ വീഡിയോ വൈറലായതോടെ കരാറുകാരനെതിരെ നടപടി. കുഴിയിൽ മണ്ണിടുകയും കട്ടപിടിച്ച ടാർ വീപ്പയിൽ നിന്നും പൊട്ടിച്ചെടുത്ത് അതിനു മുകളിൽ വെക്കുകയും ശേഷം മുകളിൽ മണ്ണിടുകയും ചെയ്യുന്ന പ്രവർത്തി വീഡിയോയിൽ പകർത്തി നാട്ടുകാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. തുപ്പൽ കൊണ്ട് കുഴിയടക്കുന്നു എന്ന പേരിലാണ് വീഡിയോ വയറലായത്. ഇതോടെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ പി.ഡബ്ല്യു.ഡി അധികൃതർ നിദേശം നൽകി.
എ ക്ലാസ്‌ കരാറുകാരൻ സി.കെ ജേക്കബാണ്‌ ഇന്നലെ പ്രവൃത്തികൾ നടത്തിയത്‌. മാനുവൽ പ്രകാരമുള്ള നിർമാണ രീതികൾ അവലംബിക്കാതെ സ്വന്തം താൽപര്യപ്രകാരം കുഴിയടക്കുകയും ഇത്‌ സർക്കാരിനും വകുപ്പിനും കളങ്കം വരുത്തുകയും ചെയ്തുവെന്നുമാണ് പൊതുമരാമത്ത്‌ വകുപ്പ്‌ ചാവക്കാട്‌ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ പറയുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമാണ്‌ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/6VpYWWNMXDU